പരിഹാരം കാണാതെ അധികൃതർ
ചേലക്കര: പാഞ്ഞാൾ പഞ്ചായത്തിലെ പൈങ്കുളം ഭാരതപ്പുഴ പമ്പ് ഹൗസിൽ വെള്ളമില്ലാത്തതിനാൽ കുടിവെള്ളം കിട്ടാതെ നിവാസികൾ.
കുടിവെള്ളമെത്തിക്കാൻ അടിയന്തിര നടപടി സ്വീകരിക്കാത്തതിനെ തുടർന്ന് രണ്ടാഴ്ചയായി കുടിവെള്ളമില്ലാതെ ബുദ്ധിമുട്ടുകയാണ് മൂന്ന് പഞ്ചായത്തുകളിലെയും ഒരു മുൻസിപ്പാലിറ്റിയിലേയും ജനങ്ങൾ. ചേലക്കര, പാഞ്ഞാൾ , മുള്ളൂർക്കര എന്നീ മൂന്ന് പഞ്ചായത്തിലേക്കും വടക്കാഞ്ചേരി മുൻസിപ്പാലിറ്റിയിലേക്കും ആവശ്യമായ കുടിവെള്ളം എത്തിക്കുന്നത് ഇവിടെനിന്നാണ്. എന്നാൽ രണ്ടാഴ്ചയായി കടുത്ത വേനലിനെ തുടർന്ന് ഭാരതപ്പുഴയിൽ വെള്ളം ഇല്ലാത്തതിനാൽ പമ്പ് ഹൗസിൽ നിന്ന് വെള്ളമടിക്കുന്നില്ല. എന്നാൽ ഭാരതപ്പുഴയിൽ തൊട്ടടുത്തുള്ള ഉരുക്കു തടയണയിൽ വെള്ളമുണ്ട്. രണ്ട് മാസങ്ങൾക്ക് മുമ്പ് തടയണ പൊളിച്ചാണ് പമ്പ് ഹൗസിലേക്ക് വെള്ളം എത്തിച്ചിരുന്നത്. എന്നാൽ തടയണ റിപ്പയർ ചെയ്ത് ശരിയാക്കുന്നതിന്റെ ഭാഗമായി അധികൃതർ എത്തി പൊളിച്ച ഭാഗം ശരിയാക്കുകയും താൽക്കാലികമായി തടയണയിൽ നിന്ന് വെള്ളം പുറത്തു പോകാൻ കുറച്ച് ദ്വാരങ്ങളാണ് സ്ഥാപിച്ചിരുന്നത്. എന്നാൽ ഈ വരുന്ന വെള്ളം 24 മണിക്കൂർ പ്രവർത്തിക്കുന്ന മോട്ടർ അടിക്കാൻ സാധിക്കുന്നില്ല. മഴ പെയ്തു മലമ്പുഴ ഡാം തുറന്നു വിടാതെ മോട്ടർ അടിക്കാൻ ഭാരതപ്പുഴയിൽ നിന്നും വെള്ളം ലഭിക്കുകയില്ലെന്നും പമ്പ് ഓപ്പറേറ്റർമാർ പറയുന്നു. എന്നാൽ കഴിഞ്ഞ വർഷവും സമാന രീതിയിൽ ഭാരതപ്പുഴയിൽ വെള്ളമില്ലാത്തതിനെ തുടർന്ന് അധികൃതർ പുഴയിൽ വലിയ ചാൽ ഉണ്ടാക്കി അതിൽ കൂടിയായിരുന്നു വെള്ളം പമ്പ് ഹൗസിലേക്ക് എത്തിച്ചിരുന്നത്. ആ നടപടി ഇത്തവണ ചെയ്തിട്ടില്ല. വേനൽ മഴയിൽ ഭാരതപ്പുഴയിൽ വെള്ളം വരുന്നവരെ കുടിവെള്ളത്തിനായ് എന്തു ചെയ്യുമെന്ന ആശങ്കയിലാണ് ജനങ്ങൾ.