ചാലക്കുടി: ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങൾ പിന്നിടുമ്പോഴും തുറന്നു പ്രവർത്തിക്കാതെ കോടശ്ശേരി പഞ്ചായത്തിന്റെ കൂടപ്പുഴയിലെ ടേക്ക് എ ബ്രേക്ക്.

യാത്രികർക്ക് വഴിയോര വിശ്രമവും പ്രാഥമിക നിർവഹണ സൗകര്യവും ലക്ഷ്യമിട്ട് നിർമ്മിച്ച സംരംഭം പ്രവർത്തനക്ഷമമാകാൻ ഇനിയും ഏറെ കാത്തിരിക്കേണ്ടി വരും. വിനോദസഞ്ചാരികളെ ആകർഷിക്കുംവിധം കെട്ടിടത്തിന് രൂപമാറ്റം വേണമെന്നാണ് പഞ്ചായത്ത് അധികൃതർ പറയുന്നത്. ചെറിയ രൂപമാറ്റത്തോടെ മുൻഭാഗം പരിഷ്‌കരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിനായി നാല് ലക്ഷം രൂപയും പഞ്ചായത്ത് ഭരണസമിതിയെ അനുവദിച്ചു. ഇതിന്റെ കൂടി പൂർത്തീകരണത്തിന് ശേഷമേ അതിരപ്പിള്ളി റോഡ് കവാടത്തിൽ നിർമ്മിച്ച വിശ്രമ കേന്ദ്രം തുറന്ന് പ്രവർത്തിക്കൂ. തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി മൂന്നുമാസം മുമ്പ് എം.എൽ.എ സനീഷ് കുമാർ ജോസഫ് കെട്ടിടം ഉദ്ഘാടനം ചെയ്തിരുന്നു. പരിഷ്‌കരണ പദ്ധതി ആവിഷ്‌കരിച്ചതിന് ശേഷമായിരുന്നു തിടുക്കപ്പെട്ടുള്ള ഉദ്ഘാടനം. ടേക്ക് എ ബ്രേക്ക് സ്ഥാപനം നടത്തുന്നതിന് പ്രത്യേക ബൈലോ തയ്യാറാക്കലും പൂർത്തിയായിട്ടില്ല. അംഗ പരിമിതർക്കും കുടുംബശ്രീ പ്രവർത്തകർക്കും ചുമതല നൽകൽ ഉൾപ്പെടെയുള്ള ബൈ ലോയാണ് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ അനുമതിക്കായി അയച്ചത്. കോടശ്ശേരി പഞ്ചായത്തിന്റെ പ്രത്യേക ഫണ്ട് 15 ലക്ഷം രൂപ ചെലവഴിച്ചായിരുന്നു കെട്ടിട നിർമ്മാണം. നിർമ്മാണം പൂർത്തിയാക്കി വെറുതെ കിടക്കുന്ന അവസ്ഥയിലേക്ക് കൂടപ്പുഴയിലെ ടേക്ക് എ ബ്രേക്കിനും വരുമോ എന്ന ആശങ്കയിലാണ് നാട്ടുകാർ.