കൊടുങ്ങല്ലൂർ: എടവിലങ്ങ് കോൺഗ്രസിലെ ചേരിപ്പോര് തെരുവിലേക്ക്. പരസ്യ വാഗ്വാദങ്ങൾക്കും വെല്ലുവിളികൾക്കും ഒടുവിൽ പ്രവർത്തകർ തമ്മിൽ കൈയ്യാങ്കളിയും. തിങ്കളാഴ്ച രാത്രി എട്ട് മണിയോടെ കാര സെന്ററിലായിരുന്നു സംഭവം. കൈയ്യാങ്കളിയിൽ പരിക്ക് പറ്റിയെങ്കിലും ആരും ആശുപത്രിയിൽ പോകാനോ പൊലീസിൽ പരാതി നൽകാനോ തുനിഞ്ഞില്ല. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് നിയമനത്തെച്ചൊല്ലി ദിവസങ്ങളായി നിലനിൽക്കുന്ന തർക്കമാണ് ചേരിപ്പോരിന് തുടക്കമിട്ടത്. ഇതേത്തുടർന്ന് സേവ് കോൺഗ്രസ് എന്ന പേരിൽ സമാന്തര പ്രവർത്തനവുമായി ഒരു വിഭാഗം രംഗത്തുവരുകയായിരുന്നു. അവർ ഉന്നയിക്കുന്ന ആവശ്യങ്ങൾ അംഗീകരിക്കില്ലെന്ന നേതൃത്വത്തിന്റെ നിലപാടാണ് പാർട്ടിക്കുള്ളിലെ അഭിപ്രായ വ്യത്യാസം തെരുവിലെത്താൻ വഴിവച്ചത്. സേവ് കോൺഗ്രസ് എന്ന പേരിൽ ഒരു സമാന്തര മണ്ഡലം കമ്മിറ്റി രൂപീകരിക്കുകയും പിന്നീട് അത് കോൺഗ്രസ് കൂട്ടായ്മ എന്ന പേരിൽ ഔദ്യോഗിക പാർട്ടി ഓഫീസിന് മുമ്പിൽ പരസ്യമായി ഓഫീസ് തുറന്ന് പാർട്ടി പ്രവർത്തനങ്ങളുമായി മുന്നോട്ടു പോവുകയും ചെയ്ത സാഹചര്യത്തിലാണ് സോഷ്യൽ മീഡിയയിലും വാട്‌സ് ആപ്പ് ഗ്രൂപ്പിലുമായി വന്ന വിഴുപ്പലയ്ക്കൽ തിങ്കളാഴ്ച രാത്രി പ്രവർത്തകർ തമ്മിലുള്ള കൈയ്യാങ്കളിയിൽ കലാശിച്ചത്. ബ്ലോക്ക് കോൺഗ്രസ് നേതൃത്വം കൊടുത്ത ഉറപ്പിൻമേൽ അറുപതോളം കോൺഗ്രസ് കൂട്ടായ്മ പ്രവർത്തകർ സ്ഥാനാർത്ഥിയെ സ്വീകരിക്കാൻ തിങ്കളാഴ്ച ഉച്ചക്ക് രണ്ട് മണിയോടെ ഒരുങ്ങി നിന്നെങ്കിലും പ്രാദേശിക നേതൃത്വത്തിന്റെ പിടിവാശി മൂലം സ്ഥാനാർത്ഥി സന്ദർശനം വെട്ടിച്ചുരുക്കി മടങ്ങിയെന്ന് മറുഭാഗം ആരോപിക്കുന്നു. അന്ന് വൈകിട്ട് ആറ് മണി വരെ കോൺഗ്രസ് കൂട്ടായ്മ പ്രവർത്തകർക്ക് കാത്ത് നിൽക്കേണ്ടി വന്നതും പ്രകോപനത്തിനിടയാക്കി. പ്രാദേശിക നേതാക്കളും ബ്ലോക്ക് നേതൃത്വവും മണ്ഡലത്തിന്റെ ചാർജ് വഹിക്കുന്നവരും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള ഏകോപന സമിതിക്കാരും എടവിലങ്ങിന് വെളിയിൽ നിന്ന് കളി കാണുകയാണെന്ന് ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകർ പറയുന്നു.