ചാലക്കുടി: പരാതികൾ ഉയർന്നതിനെ തുടർന്ന് നഗരസഭയിലെ തെരുവ് വിളക്കുകൾ മാറ്റി സ്ഥാപിക്കുന്നതിന് തയ്യാറാക്കിയ ടെണ്ടർ റദ്ദാക്കി. നടപടിയിലെ നിബന്ധനകൾ പാലിച്ചില്ലെന്ന് കണ്ടെത്തിയ സാഹചര്യത്തിൽ പുതിയ ടെണ്ടർ തയ്യാറാക്കാനും തുടർന്ന് നിലവിലെ കരാറുകാരന് ഒരു മാസംകൂടി പ്രവർത്തി നീട്ടി നൽകാനുമാണ് നിർദ്ദേശം നൽകിയതെന്ന് ചെയർമാൻ എബി ജോർജ് അറിയിച്ചു. എന്നാൽ നിലവിലെ കരാറുകാരന് തന്നെ പ്രവർത്തി നൽകുന്നതിന് രണ്ട് പ്രമുഖ കൗൺസിലർമാർ നടത്തിയ ശ്രമം പാളിയതാണ് പുതിയ സംഭവ വികാസങ്ങൾക്ക് കാരണമെന്ന് ആരോപണമുണ്ട്. മറ്റൊരു കൺസിലർ ഇതിനെതിരെ പ്രതീകരിച്ചിരുന്നു. ഇതോടെ പുതിയ നഗരസഭ സെക്രട്ടറിയും വിയോജിപ്പ് അറിയിച്ചു. തുടർന്നായിരുന്നു ടെണ്ടർ റദ്ദാക്കൽ. പ്രവർത്തിക്ക് 20 ലക്ഷം രൂപയിൽ അധികമായാൽ പത്രപരസ്യം നൽകണമെന്ന നിയമം പാലിക്കപ്പെട്ടില്ല. ഇതിന് പുറമെ നിലവിലെ കരാറുകാരന് മാത്രം അവസരം നൽകുന്ന മൂന്നു നിബന്ധനകൾ ധൃതി പിടിച്ചുള്ള ഓൺ ലൈൻ ടെണ്ടറിൽ ഉൾപ്പെടുത്തിയെന്ന ആരോപണവുമുണ്ട്. കഴിഞ്ഞ വർഷം 28 ലക്ഷം രൂപയ്ക്ക് ലേലമെടുത്ത കരാറുകാരൻ തന്നെ ഇക്കുറി 22 ലക്ഷം രൂപയ്ക്ക് ക്വാട്ട് ചെയ്യുകയായിരുന്നു. നഗരസഭാ പരിധിയിൽ അയ്യായിരത്തോളം സ്ട്രീറ്റ് ലൈറ്റ് ഇലക്ട്രിക് പോസ്റ്റുകളുണ്ട്. ഇവയിൽ കേടുവരുന്ന ട്യൂബുകളും അനുബന്ധ സാമഗ്രികളും മാറ്റി സ്ഥാപിക്കലാണ് പ്രവർത്തി. പ്രതിമാസം ശരാശരി 250 ഓളം എണ്ണമാണ് മാറ്റുന്നത്.