
തൃശൂർ: ട്രെയിൻ യാത്രയ്ക്കിടെ സൗമ്യ കൊല്ലപ്പെട്ട് പതിമൂന്ന് വർഷങ്ങൾക്ക് ശേഷം വീണ്ടും ട്രെയിനിലെ സുരക്ഷ ചോദ്യം ചെയ്യപ്പെടുന്നു. സൗമ്യയെ ഗോവിന്ദച്ചാമി എന്ന ഭിന്നശേഷിക്കാരൻ ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയ ചെറുതുരുത്തിയിൽ നിന്ന് പതിനഞ്ച് കിലോമീറ്റർ മാത്രം അകലെയാണ് വെളപ്പായ. സൗമ്യ കൊല്ലപ്പെട്ടതും രാത്രി എട്ടോടെയായിരുന്നു. പക്ഷേ, പാസഞ്ചർ ട്രെയിനിലാണെന്ന് മാത്രം. യാത്രക്കാർക്ക് മാത്രമല്ല, ടി.ടി.ഇമാർക്കും ട്രെയിൻ യാത്ര സുരക്ഷിതമല്ലെന്ന് വ്യക്തമാക്കുന്നതാണ് ഇന്നലെ വിനോദിനുണ്ടായ ദുരന്തം. രജനീകാന്തയും വിനോദും തൃശൂരിൽ നിന്ന് തന്നെയാണ് ട്രെയിനിൽ കയറിയതെന്ന് കരുതുന്നു.
അമിതമായി മദ്യപിച്ച് ട്രെയിനിൽ കയറിയ രജനീകാന്ത് (42) യാത്രക്കാരെ ശല്യപ്പെടുത്തിയിരുന്നു. യാത്രക്കാരുമായി തട്ടിക്കയറി. ഇതിനിടെ ടി.ടി.ഇ.യെത്തി. സീറ്റിലിരുന്ന് ബഹളം വെച്ച രജനീകാന്തയോട് ടിക്കറ്റ് ചോദിച്ചപ്പോൾ കൂടുതൽ പ്രകോപിതനായി. സീറ്റിൽ നിന്ന് എഴുന്നേൽക്കാൻ പറഞ്ഞതോടെ വാതിലിനടുത്തേക്ക് പോയി. വാതിലിനടുത്തെത്തിയ വിനോദുമായി വീണ്ടും തർക്കിച്ചു, പെട്ടെന്ന് പ്രകോപിതനായി പുറത്തേക്ക് തളളിയിട്ടു.
സാന്ദ്രാതോമസ് നിർമ്മിച്ച നല്ല നിലാവുളള രാത്രി, പുലിമുരുകൻ, ഗ്യാംഗ്‌സ്റ്റർ അടക്കം പത്തോളം സിനിമയിൽ അഭിനയിച്ച വിനോദ് സംഘടനാപ്രവർത്തനത്തിലും കലാപ്രവർത്തനത്തിലും എന്നും മുന്നിലായിരുന്നു. ആത്മാർത്ഥതയുളള ഉദ്യോഗസ്ഥനായിരുന്നെന്നും യാത്രക്കാർക്ക് പരമാവധി സൗകര്യം ലഭ്യമാക്കാറുണ്ടെന്നും സ്ഥിരം യാത്രക്കാർ പറയുന്നു. വിനോദിന്റെ മൃതദേഹം ഇന്ന് തൃശൂർ മെഡിക്കൽ കോളേജിൽ പോസ്റ്റ് മോർട്ടം നടത്തിയ ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. പാലക്കാട് നിന്ന് റെയിൽവേ പൊലീസ് രജനീകാന്തയെ രാത്രി വൈകി തൃശൂരിലെത്തിച്ചു. കാൽവിരലുകൾ മുറിഞ്ഞ നിലയിലാണ് . നടക്കുമ്പോൾ മുടന്തുണ്ട്. അമിതമായി മദ്യപിച്ചിട്ടുള്ളതിനാൽ കൂടുതൽ വിവരങ്ങൾ പൊലീസിന് ശേഖരിക്കാനായിട്ടില്ല.
ദൃക്സാക്ഷിയുണ്ടെന്ന് പൊലീസ്
തൃശൂർ: ടി.ടി.ഇ വിനോദിന്റെ കൊലപാതകത്തിൽ റെയിൽവേയിലെ കച്ചവടക്കാരൻ ദൃക്സാക്ഷിയാണെന്ന് ഉന്നത റെയിൽവേ പൊലീസ് ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ചു. ഇയാളുടെ മാെഴി പൊലീസ് ശേഖരിച്ചു. കേസന്വേഷണത്തിന്റെ ഭാഗമായി ഇയാളെ തൃശൂരിലെത്തിക്കും.
പ്രതി രജനീകാന്തക്കെതിരെ കൊലക്കുറ്റം ചുമത്തുമെന്നും പൊലീസ് അറിയിച്ചു.