കൊടുങ്ങല്ലൂർ: എൽ.ഡി.എഫ് ചാലക്കുടി ലോക്‌സഭാ സ്ഥാനാർത്ഥി പ്രൊഫ. സി. രവീന്ദ്രനാഥിന്റെ വിജയത്തിനായി കയ്പമംഗലം നിയോജക മണ്ഡലം സംയുക്ത കർഷക സംഘടനകളുടെ നേതൃത്വത്തിൽ കൺവെൻഷൻ നടത്തി. കിസാൻസഭ ജില്ലാ സെക്രട്ടറി കെ.വി. വസന്തകുമാർ ഉദ്ഘാടനം ചെയ്തു. മോദിയുടെ ഗ്യാരണ്ടി കർഷകർക്ക് വെടിയുണ്ടയും കോർപ്പറേറ്റുകൾക്ക് പൂമാലയും നൽകുന്നതാണെന്നും കാർഷിക ഉത്പ്പന്നങ്ങൾക്ക് സ്ഥിരം വില സംവിധാനം കൊണ്ടുവരാതെ കർഷക പ്രക്ഷോഭങ്ങളെ അടിച്ചമർത്തുന്ന മോദി സർക്കാരിനെതിരെ പ്രതികരിക്കാത്ത ബി.ജെ.പി, കോൺഗ്രസ് സ്ഥാനാർത്ഥികളെ തുറന്നു കാണിക്കാനും കൺവെൻഷൻ തീരുമാനിച്ചു. പ്രൊഫ. സി. രവീന്ദ്രനാഥിനെ വിജയിപ്പിക്കുന്നതിനായി കർഷക കുടുംബങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തനങ്ങൾ സംഘടിപ്പിക്കും. അഡ്വ. വി.കെ. ജ്യോതിപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. കർഷകസംഘം ജില്ലാ ജോ. സെക്രട്ടറി സെബി ജോസഫ്, എസ്.എൻ പുരം പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. മോഹനൻ, എടത്തിരുത്തി പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. ചന്ദ്രബാബു, ജില്ലാ പഞ്ചായത്ത് അംഗം സുഗത ശശിധരൻ, കെ.കെ. അബീദലി, ടി.കെ. രമേഷ് ബാബു, എം.ഡി. സുരേഷ്, എം. രാജീവ്, വി.എ. കൊച്ചുമൊയ്തീൻ, എം.ആർ. ജോഷി, എം.കെ. സിദ്ധിഖ്, ബിന്ദു മോഹൻലാൽ തുടങ്ങിയവർ സംസാരിച്ചു.