denki
ഡെങ്കിപ്പനി പരത്തുന്ന കൊതുക്.

ഇരിങ്ങാലക്കുട : നഗരസഭയിലെ 24-ാം വാർഡിൽ എക്‌സൈസ് റേഞ്ച് ഓഫീസ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തതോടെ ജില്ലാ മെഡിക്കൽ ഓഫീസ്, ഇരിങ്ങാലക്കുട ജനറൽ ആശുപത്രി, ഇരിങ്ങാലക്കുട നഗരസഭ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പ്രത്യേക ടീം രൂപീകരിച്ച് ഡെങ്കിപ്പനി പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. എക്‌സൈസ് റേഞ്ച് ഓഫീസിനും ബസ് സ്റ്റാൻഡിനും സമീപത്തുള്ള പ്രദേശങ്ങൾ ആരോഗ്യപ്രവർത്തകർ സന്ദർശിക്കുകയും രോഗലക്ഷണങ്ങൾ ഉള്ളവരെ കണ്ടെത്തി ചികിത്സയ്ക്കായി നിർദ്ദേശിക്കുകയും ചെയ്തു. കൂടാതെ വെക്ടർ സർവേലൻസ്, കൊതുകിന്റെ ഉറവിട നശീകരണ പ്രവർത്തനങ്ങൾ എന്നിവ നടത്തി. കൊതുക് നശീകരണത്തിനായി ഫോഗിംഗ് നടത്തി. ജില്ലാ മെഡിക്കൽ ഓഫീസിലെ പകർച്ചവ്യാധി നിയന്ത്രണ വിഭാഗം മെഡിക്കൽ ഓഫീസർ ഡോ. കെ.വി. ഗീത, ജില്ലാ മെഡിക്കൽ ഓഫീസിലെ ടി.എ ഗ്രേഡ് രണ്ട് വൈ. അബ്ദുൾ ജമാൽ, ജില്ലാ വെക്ടർ ബോൺ ഡിസീസ് കൺട്രോൾ ഓഫീസർ സന്തോഷ് ജോർജ്, എപ്പിഡമിയോളജിസ്റ്റ് ടി.പി. രതികല, ഹെൽത്ത് സൂപ്പർവൈസർമാരായ കെ.പി. ജോബി, കെ.ആർ. രാജൻ, ഹെൽത്ത് ഇൻസ്‌പെക്ടർ സി. പ്രസാദ്, നഗരസഭാ ഹെൽത്ത് ഇൻസ്‌പെക്ടർ ടി. അനൂപ് കുമാർ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

വീടുകളിലും സ്ഥാപനങ്ങളിലും അവയുടെ പരിസരങ്ങളിലും കൊതുക് പെരുകാൻ ഇടയുള്ള സാഹചര്യങ്ങൾ നിലനിറുത്തുന്നവർക്കെതിരെ പൊതുജനാരോഗ്യ നിയമം, മുൻസിപ്പൽ ആക്ട് എന്നിവ പ്രകാരം ശക്തമായ നിയമനടപടികൾ സ്വീകരിക്കും.
- ഡോ. എം.ജി. ശിവദാസ്
(ജനറൽ ആശുപത്രി സൂപ്രണ്ട്)