ഗവർണർ ആരിഫ് മുഹമ്മദ് ഖാനൊപ്പം അഴീക്കോട് സീതി സാഹിബ് സ്‌കൂളിലെ കുട്ടികളും അദ്ധ്യാപകരും.
കൊടുങ്ങല്ലൂർ: ഐ.എസ്.ആർ.ഒയുടെ ആസാദി സാറ്റ് 2.0 ഉപഗ്രഹ നിർമ്മാണത്തിൽ പങ്കാളികളായ അഴീക്കോട് സീതി സാഹിബ് മെമ്മോറിയൽ ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർഥിനികൾക്കും അദ്ധ്യാപകർക്കും രാജ്ഭവനിൽ ഊഷ്മള സ്വീകരണം. ചരിത്ര ദൗത്യത്തിൽ പങ്കാളികളായ വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രത്യേകം അഭിനന്ദിച്ചു. സ്‌പെയ്‌സ് കിഡ്‌സ് ഇന്ത്യാ സി.ഇ.ഒ: ഡോ. കേശനും വിദ്യാർത്ഥികളും ചേർന്ന് ഗവർണർക്ക് ആസാദി സാറ്റ് 2.0 യുടെ മിനിയേച്ചർ സമ്മാനമായി നൽകി. ശാസ്ത്രസാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട് ഗവർണർ കുട്ടികളുമായി സംവദിച്ചു. രാജ്ഭവനിലെത്തിയ അതിഥികൾക്ക് അവിടെ പ്രാതൽ തയ്യാറാക്കിയിരുന്നു. രാജ്യത്തെ 75 ഗ്രാമങ്ങളിൽ നിന്നും 10 വിദ്യാർത്ഥിനികളെ വീതം തിരഞ്ഞെടുത്ത് ഐ.എസ്.ആർ.ഒയും സ്‌പെയ്‌സ് കിഡ്‌സ് ഇന്ത്യയും സംയുക്തമായി ചേർന്നാണ് 750 പെൺകുട്ടികൾക്ക് പ്രത്യേകം പരിശീലനം നൽകി ആസാദി സാറ്റ് 2.0 യുടെ നിർമ്മാണം പൂർത്തിയാക്കിയത്. 2023 ഫെബ്രുവരി 10ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്നും ആസാദി സാറ്റ് പറന്നുയർന്നപ്പോൾ അതോടൊപ്പം കുതിച്ചുയർന്നത് അതിൽ പങ്കാളികളായ അഴീക്കോട് സീതി സാഹിബ് മെമ്മോറിയൽ ഹയർസെക്കൻഡറി സ്‌കൂളിന്റെ യശസ് കൂടിയായിരുന്നു.