മാള: പുതുകുളം പുതുമോഡിയിൽ അണിഞ്ഞൊരുങ്ങും. മാള പഞ്ചായത്ത് പത്താംവാർഡിലെ പുതുകുളത്തിന്റെ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായതോടെ ജനങ്ങളുടെ ഏറെക്കാലത്തെ ആവശ്യത്തിനാണ് പൂർത്തീകരണമുണ്ടാകുന്നത്. ചളി അടിഞ്ഞുകൂടിയും മാലിന്യങ്ങൾ നിറഞ്ഞും കാട് കയറി ഭിത്തികൾ ഇടിഞ്ഞുകിടന്നിരുന്ന 57 സെന്റ് വിസ്തീർണമുള്ള പുതുകുളം നവീകരിക്കണമെന്ന ജനങ്ങളുടെ നിരന്തര ആവശ്യത്തെത്തുടർന്നാണ് പഞ്ചായത്ത് നവീകരിക്കാൻ സന്നദ്ധമായത്. കുളം പുനരുദ്ധരിക്കുന്നതോടൊപ്പം ലിഫ്റ്റ് ഇറിഗേഷൻ വീണ്ടും പ്രവർത്തിപ്പിച്ചാൽ വലിയപറമ്പിലെ കൃഷിയിടങ്ങളിലേക്ക് സമൃദ്ധമായി വെള്ളമെത്തിക്കാനാകും. കണിച്ചാംതുറ ലിഫ്റ്റ് ഇറിഗേഷനിൽ നിന്നു പുതുകുളത്തിലേക്ക് വെള്ളം എത്തിക്കാനുള്ള കനാലുകൾ ഇപ്പോഴുമുണ്ട്. പദ്ധതിക്ക് വീണ്ടും ജീവൻ നൽകിയാൽ കുടിവെള്ള, ജലസേചന ആവശ്യങ്ങൾക്ക് പരിഹാരം കാണാനാകും.
വർഷങ്ങളായി ഈ പ്രദേശത്തിന്റ പ്രധാന ജലസ്രോതസായിരുന്നു ഈ കുളം. കുളിക്കാനും തുണി അലക്കാനും മറ്റ് ജലസേചന ആവശ്യങ്ങൾക്കും ഈ കുളത്തെയാണ് പരിസരവാസികൾ ആശ്രയിച്ചിരുന്നത്. നീന്തൽ പരിശീലകൻ ഹരിലാൽ മൂത്തേടത്ത് മുൻകാലങ്ങളിൽ കുട്ടികളെ നീന്തൽ പഠിപ്പിക്കാനും കുളം ഉപയോഗിച്ചിരുന്നു. ഈ കുളത്തിൽ നിന്നും ലിഫ്റ്റ് ഇറിഗേഷൻ വഴി വലിയപറമ്പിലെ പറമ്പുകളിൽ ജലസേചനം നടത്തിയിരുന്നു. അധികൃതരുടെ അനാസ്ഥ മൂലം കാലക്രമേണ പദ്ധതി നിലയ്ക്കുകയും അതിന്റെ മോട്ടർ കളവുപോവുകയും ചെയ്തു. ജീർണിച്ച മോട്ടോർ ഷെഡും തുരുമ്പ് പിടിച്ച പൈപ്പുകളും ഇപ്പോഴും ഇവിടെ കിടപ്പുണ്ട്.
നവീകരണം 25 ലക്ഷം രൂപ ചെലവിൽ
25 ലക്ഷം രൂപയുടെ സി.എഫ്.ജി ഫണ്ട് (സെന്ററൽ ഫിനാൻസ് ഗ്രാൻഡ്) ഉപയോഗിച്ചാണ് നവീകരണം. കുളത്തിലെ ചളി വാരി വൃത്തിയാക്കുകയും തെക്കുഭാഗത്തെ ഭിത്തി പൂർണമായി പൊളിച്ച് കരിങ്കല്ല് കെട്ടാനും പിന്നെയുള്ള ഭിത്തികൾ അറ്റകുറ്റപ്പണികൾ നടത്തി ബലപ്പെടുത്താനുമാണ് പദ്ധതി. കുളത്തിൽ റാമ്പുകൾ പണിത് മതിൽ കെട്ടും. സ്റ്റീൽ പൈപ്പ് പിടിപ്പിച്ച് ടൈൽ വിരിക്കും. പൊതുജനങ്ങൾക്ക് വന്നിരിക്കുവാനുള്ള ഇരിപ്പിടവും ഗാർഡനും ഫണ്ടിന്റെ ലഭ്യത അനുസരിച്ച് നടപ്പാക്കും.