nandara-vaza-totam

പുതുക്കാട്: മറയ്ക്കലക്കടവ് ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ പമ്പിങ് മുടങ്ങിയതോടെ ആയിരത്തോളം കർഷകരുടെ കൃഷി നശിച്ചു. പഞ്ചായത്തിലെ അഞ്ച് വാർഡുകളിൽ ജലസേചനവും കുടിവെള്ളവും ലക്ഷ്യമിട്ട് 35 വർഷം മുമ്പ് ആരംഭിച്ചതാണ് മറയ്ക്കലക്കടവ് ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി. പദ്ധതിയുടെ ഭാഗമായി മണ്ണിനടിയിൽ സ്ഥാപിച്ചിട്ടുള്ള കോൺഗ്രീറ്റ് പൈപ്പുകൾ ബലക്ഷയം മൂലം പലയിടത്തും ദ്വാരം വന്നതോടെയാണ് പമ്പിങ് മുടങ്ങിയത്. ഇതോടെ വെള്ളം ലഭിക്കാതെ 25 ,000 നേന്ത്രവാഴകൾ ഉണങ്ങി നശിച്ചു. ജാതി, കവുങ്ങ്, തെങ്ങ് എന്നിവയും ഉണങ്ങി. ആയിരത്തോളം കർഷകരാണ് പദ്ധതിയെ ആശ്രയിച്ച് കൃഷിനടത്തുന്നത്്. സാധാരണക്കാരായ കർഷകർ ബാങ്കുകളിൽ നിന്നും സഹകരണ സ്ഥാപനങ്ങളിൽ നിന്നും വായ്പയെടുത്താണ് കൃഷി ചെയ്തിരുന്നത്. വിളവെടുക്കാറായ നേന്ത്രവാഴകളും ജാതി മരങ്ങളും പമ്പിങ് നിർത്തിയതോടെ ഉണങ്ങിയ നശിച്ചത്. വേണ്ടത്ര അറ്റകുറ്റ പണികൾ നടത്തുന്നതിനോ തുടർച്ചയായി പമ്പിങ് നടത്തുന്നതിനോ ഉത്തരവാദിത്വപ്പെട്ട മൈനർ ഇറിഗേഷൻ ഉദ്യോഗസ്ഥർ തയ്യാറാകുന്നില്ലെന്ന് നാട്ടുകാർ ആരോപിച്ചു. ഈ കാര്യത്തിൽ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പുതുക്കാട് പഞ്ചായത്ത് പ്രസിഡന്റ് കെ.എം.ബാബുരാജ്, വൈസ് പ്രസിഡന്റ് ഷൈനി ജോജു, ഷാജു കാളിയേങ്കര, രതി ബാബു, പ്രീതി ബാലകൃഷ്ണൻ , രശ്മി ശ്രീഷോബ്, ഹിമ ദാസൻ, കൃഷി ഓഫീസർ പി.ആർ. കവിത, വില്ലേജ് ഓഫീസർ കെ.ആർ. ബിന്ദു, കർഷക സമിതി സെക്രട്ടറി ടി.എസ്. രാജു എന്നിവർ സ്ഥലം സന്ദർശിച്ച് നാശനഷ്ടങ്ങൾ വിലയിരുത്തി. മുൻ എം.എൽ.എ കെ.പി. വിശ്വനാഥന്റെയും പഞ്ചായത്ത് പ്രസിഡന്റായിരുന്ന കെ.കെ. നാരായണന്റെയും
ശ്രമഫലമായിട്ടായിരുന്നു പദ്ധതി യാഥാർത്ഥ്യമായത്.

മൈനർ ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് പമ്പിംഗ് മുടങ്ങിയത്. കാലപ്പഴക്കത്താൽ ദ്രവിച്ച കോൺക്രീറ്റ് പൈപ്പുകൾ മാറ്റി സ്ഥാപിക്കാൻ ഏറെ നാളായി ആവശ്യപ്പെടുന്നു. കൃഷി നശിച്ച കർഷകർക്ക് നഷ്ടപരിഹാരം നൽകണം.
കെ എം. ബാബുരാജ്
പുതുക്കാട് പഞ്ചായത്ത് പ്രസിഡന്റ്