teacher

തൃശൂർ: ഹയർ സെക്കൻഡറി പൊതുപരീക്ഷകൾക്ക് ശേഷം മൂല്യനിർണയ ക്യാമ്പുകൾക്ക് പ്രതിഷേധത്തോടെ തുടക്കം. കഴിഞ്ഞ വർഷത്തെ മൂല്യനിർണയ വേതനം ഇതുവരെയും നൽകാത്തതിൽ പ്രതിഷേധിച്ച് ഹയർ സെക്കൻഡറി അദ്ധ്യാപകർ ഫെഡറേഷൻ ഒഫ് ഹയർ സെക്കൻഡറി ടീച്ചേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ എല്ലാ മൂല്യനിർണയ ക്യാമ്പുകൾക്ക് മുന്നിലും പ്രതിഷേധ സംഗമം നടത്തി.

ജില്ലയിലെ അഞ്ച് ക്യാമ്പുകളിലും എഫ്.എച്ച്.എസ്.ടി.എ പ്രതിഷേധം നടന്നു. കഴിഞ്ഞ വർഷത്തെ മാർച്ച് പൊതുപരീക്ഷയ്ക്കായി കുട്ടികളിൽ നിന്ന് പരീക്ഷാ ഫീസ് മുൻകൂട്ടി പിരിച്ചെടുത്തെങ്കിലും പരീക്ഷാപേപ്പർ പരിശോധിച്ചതിന്റെ 12 കോടിയോളം രൂപയാണ് ഇനിയും നൽകാനുള്ളത്. പരീക്ഷാച്ചെലവുകളുടെ തുക പോലും വകമാറ്റി ചെലവഴിക്കുന്നത് പ്രതിഷേധാർഹമാണെന്ന് ഫെഡറേഷൻ ഭാരവാഹികൾ പറഞ്ഞു.

തൃശൂർ സെന്റ് ജോസഫ് ഗേൾസ് എച്ച്.എസ്.എസിൽ നടന്ന പ്രതിഷേധ സംഗമം എ.എച്ച്.എസ്.ടി.എ സംസ്ഥാന ട്രഷറർ കെ.എ. വർഗീസ് ഉദ്ഘാടനം ചെയ്തു. എഫ്.എച്ച്.എസ്.ടി.എ ജില്ലാ ചെയർമാൻ പി.ടി. കിറ്റൊ അദ്ധ്യക്ഷനായിരുന്നു. നീൽ ടോം, എൻ.പി. ജാക്‌സൺ, പ്രിൻസിപ്പൽ ഫോറം സംസ്ഥാന ചെയർമാൻ സന്തോഷ് ഇമ്മട്ടി, ഷാജു കെ. ഡേവിസ്, വി. സജിത, ജസ്റ്റിൻ ജോസ്, അജിത് പോൾ ആന്റോ, കെ.പി. ലിയോ എന്നിവർ സംസാരിച്ചു.