 
വടക്കാഞ്ചേരി: വാഴാനി റോഡിലെ റെയിൽവേ ക്രോസിലെ ദുർഘടാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സതേൺ റെയിൽവേ തിരുവനന്തപുരം ഡിവിഷൻ ഇൻ ചാർജ് അസിസ്റ്റന്റ് എൻജിനീയർക്ക് പരാതി നൽകി. കൺസ്യൂമേഴ്‌സ് ഫെഡറേഷൻ ഒഫ് ഇന്ത്യ ഭാരവാഹികളായ പ്രൊഫസർ പുന്നയ്ക്കൽ നാരായണൻ, ടി.എൻ. നമ്പീശൻ, ഇനാശു പുത്തൂക്കര എന്നിവരാണ് പരാതി നൽകിയത്. റെയിൽവേ ക്രോസ് ഒഴിവാക്കി കൊണ്ടുള്ള ബൈപാസ് റോഡിന്റെ പണി ഉടൻ നഗരസഭ ആരംഭിക്കണമെന്ന് നഗരസഭ അധികൃതരോട് ആവശ്യപ്പെട്ടു. ക്രോസ് ഭാഗത്തെ റോഡ് പൊളിഞ്ഞ് കുണ്ടും കുഴിയുമായ അവസ്ഥയാണ്. ഇരു ചക്ര വാഹനങ്ങൾക്കാണ് ഏറെ ദുരിതം. അടച്ചിടുന്ന ഗേറ്റ് തുറക്കുന്നതോടെ ഇരു ഭാഗങ്ങളിലേയ്ക്കും പോകുന്ന വാഹനങ്ങളാണ് സ്ഥിരമായി അപകടത്തിൽ പെടുന്നത്.