ഇരിങ്ങാലക്കുട : സ്വകാര്യബസിൽ നിന്ന് ചവിട്ടി പുറത്തേക്കിട്ട് വൃദ്ധന് ഗുരുതര പരിക്കേറ്റ സംഭവത്തിൽ അറസ്റ്റിലായ കണ്ടക്ടർ ഊരകം സ്വദേശി കടുകപറമ്പിൽ രതീഷിനെ റിമാൻഡ് ചെയ്തു. റോഡിൽ തലയടിച്ച് വീണ് ഗുരുതരമായി പരിക്കേറ്റ കരുവന്നൂർ എട്ടുമന സ്വദേശിയായ മുറ്റിച്ചൂർ വീട്ടിൽ പവിത്രൻ (68) തൃശൂർ എലൈറ്റ് ആശുപത്രിയിലാണ്. ഇന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കും. കഴിഞ്ഞദിവസം തൃശൂരിൽ നിന്ന് ഇരിങ്ങാലക്കുടയിലേയ്ക്ക് വരികയായിരുന്ന ശാസ്ത ബസിലായിരുന്നു സംഭവം.

ചില്ലറ നൽകാത്തതിനെ ചൊല്ലിയുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. ബസ് തടഞ്ഞിട്ട നാട്ടുകാർ പവിത്രനെ മാപ്രാണം ലാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ എലൈറ്റ് ആശുപത്രിയിലേയ്ക്ക് മാറ്റുകയായിരുന്നു.