ചാലക്കുടി: അപകടങ്ങൾ ഒഴിയാതെ പോട്ട-അലവി സെന്റർ ജംഗ്ഷൻ.ഇരുചക്ര വാഹന യാത്രക്കാർക്കാണ് കൂടുതലും അപകടങ്ങൾ സംഭവിക്കുന്നത്. ഇതിൽ ഭൂരിപക്ഷവും സ്ത്രീകളും. പോട്ട-അതിരപ്പിള്ളി റോഡിലൂടെ ചീറിപ്പായുന്ന വാഹനങ്ങളും കുറുകെ മറ്റു രണ്ടു റോഡുകളിലേക്കുള്ള സഞ്ചാരവുമാണ് നിരന്തര അപകടങ്ങൾക്ക് കാരണമാകുന്നത്. മോസ്‌കോ സെന്ററിൽ നിന്നും മെയിൻ റോഡിലേക്ക് കയറുന്ന ഭാഗം ഏറെ ഉയർന്നതാണ്. ഇതിലൂടെ കയറ്റം കയറി എത്തുന്ന ഇരു ചക്ര വാഹനങ്ങൾ അതിരപ്പിള്ളി റോഡിലൂടെ അമിത വേഗതയിൽ പോകുന്ന വാഹനങ്ങളുടെ മുന്നിലെത്തിപ്പെടും. ഇരു ചക്രവാഹനങ്ങളെ രക്ഷിക്കുന്നതിന് ശ്രമിക്കുന്ന വലിയ വാഹനങ്ങൾ നിയന്ത്രണം വിട്ട് സമീപത്തെ കടകളിലേയ്ക്ക് ഇടിച്ചുകയറുന്ന സംഭവം ഇവിടെ തുടർക്കഥയാണ്. മെയിൻ റോഡിൽ പൊതുമരാമത്ത് സ്ഥാപിച്ച സിഗ്‌നൽ സംവിധാനം ഉണ്ടായിരുന്നെങ്കിലും അധികം വൈകാതെ അതും കണ്ണടച്ചു. എന്നാൽ സിഗ്‌നൽ സംവിധാനം ഉണ്ടായിരുന്ന ചെറിയ കാലയളവിലും അപകടങ്ങൾക്ക് കുറവുണ്ടായിരുന്നില്ല.

പരിഹാരം ആവശ്യപ്പെട്ട് ചാലക്കുടി ഡിവൈ.എസ്.പി,നഗരസഭ സെക്രട്ടറി, ആർ.ടി.ഒ, പൊതുമരാമത്ത് വകുപ്പ്് മേധാവി എന്നിവർക്കാണ് നാട്ടുകാർ നിവേദനം നൽകിയത്. കെ.എൻ.സുകുമാരൻ,കെ.എസ്.ഹാരിഷ്,കെ.വി.അനിലൻ, ഷാജു ചന്ദനപറമ്പൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരാതി നൽകൽ.


അപകടങ്ങൾക്ക് കാരണം
പോട്ട-അതിരപ്പിള്ളി റോഡിലൂടെ വാഹനങ്ങൾ ചീറിപായുന്നു.
മോസ്‌കോ കവലയിൽ നിന്നുമെത്തുന്ന വാഹന യാത്രികർക്ക് ഉയർന്നു നിൽക്കുന്ന മെയിൻ റോഡിലെ വാഹനങ്ങളുടെ വരവ് കാണാൻ കഴിയുന്നില്ല. കലിക്കൽക്കുന്ന് റോഡിൽ നിന്നും എത്തുന്ന വാഹനങ്ങളും ഇത്തരത്തിൽ അപകടത്തിൽ പെടുന്നു.


മെയിൻ റോഡിൽ ഹമ്പ് സ്ഥാപിക്കൽ അടക്കമുള്ള സംവിധാനം ഏർപ്പെടുത്തണം.

കെ.എൻ.സുകുമാരൻ
പൊതു പ്രവർത്തകൻ


ഇടവിട്ട് അപകടത്തിൽപെടുന്നവരെ രക്ഷിക്കൽ താനടക്കമുള്ള സമീപവാസികളുടെ ദൗത്യമായി മാറി.
കെ.എസ്.ഹാരിഷ്,കടയുടമ.