തൃശൂർ: സംസ്ഥാന സ്‌കൂൾ കലോത്സവവുമായി ബന്ധപ്പെട്ട് കോടതിയുടെ ഉത്തരവിനെ അനാദരിച്ച വിദ്യാഭ്യാസ വകുപ്പ് അഡീഷണൽ ഡയറക്ടറെ വിളിച്ചു വരുത്തി കോടതിയുടെ രൂക്ഷ വിമർശനം. തൃശൂർ മൂന്നാം അഡീഷണൽ മുൻസിഫ് കെ.കെ.അപർണയാണ് വിദ്യാഭ്യാസ വകുപ്പ് അഡീഷണൽ ഡയറക്ടറും സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ ജനറൽ കൺവീനറുമായ സി.എ.സന്തോഷിനെ രൂക്ഷമായി വിമർശിച്ചത്.
കലോത്സവത്തിലെ ഹയർസെക്കൻഡറി വൃന്ദവാദ്യത്തിന്റെ തടഞ്ഞുവച്ച ഫലപ്രഖ്യാപനം കോടതി ഉത്തരവുണ്ടായിട്ടും പ്രഖ്യാപിക്കാൻ വൈകുകയും മതിയായ സത്യവാങ്മൂലം നൽകാതിരിക്കുകയും ചെയ്തത് കോടതിയെ ചൊടിപ്പിക്കുകയായിരുന്നു. കേസ് 11ന് വീണ്ടും പരിഗണിക്കും.
സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ തൃശൂർ റവന്യൂ ജില്ലയിൽ നിന്നും ഹയർ സെക്കൻഡറി വിഭാഗം വൃന്ദവാദ്യം ഇനത്തിൽ മത്സരിച്ച ചാലക്കുടി കാർമൽ സ്‌കൂൾ വിദ്യാർത്ഥികളായ അതുൽ എം.മാർട്ടിനും സംഘവും നൽകിയ ഹർജിയിലാണ് കോടതിയുടെ നടപടി. റവന്യൂ ജില്ലയെ പ്രതിനിധീകരിച്ച് കോടതി ഉത്തരവ് വഴി മത്സരിച്ചെങ്കിലും ഫലം പ്രഖ്യാപിക്കാതെ തടഞ്ഞു വയ്ക്കുകയും, കോടതി ഇടപെട്ടെങ്കിലും ആരുമറിയാതെ രാത്രിയിൽ ഫലപ്രഖ്യാപനം നടത്തുകയും ചെയ്തതിന് എതിരെയായിരുന്നു ഹർജി.
ഫെബ്രുവരി അഞ്ചിന് ഫലം പ്രഖ്യാപിക്കാൻ കോടതി ഉത്തരവിട്ടിരുന്നു. ഉത്തരവ് അനുസരിക്കാതായതോടെ വീണ്ടും ഹർജി നൽകി. ഇതോടെ ദു:ഖവെള്ളി അവധിയിൽ അർദ്ധരാത്രി 11.57ന് വെബ്‌സൈറ്റിൽ ഫലം പ്രസിദ്ധീകരിച്ചു.
ഫലപ്രഖ്യാപനത്തിൽ ആക്ഷേപമുണ്ടെങ്കിൽ അപ്പീൽ ഫലം പ്രഖ്യാപിച്ച് ഒരു മണിക്കൂറിനകം നൽകണമെന്നാണ് കലോത്സവ ചട്ടം. രാത്രിയിൽ ആരെയും അറിയിക്കാതെ നടത്തിയ ഫലപ്രഖ്യാപനം മത്സരാർത്ഥികളുടെ അവകാശത്തെ ഹനിക്കുന്നതാണെന്ന് വിലയിരുത്തിയാണ് വിമർശനം.