camp
കൊടുങ്ങല്ലൂർ അമൃത വിദ്യാലയത്തിൽ ആരംഭിച്ച അവധിക്കാല വോളിബാൾ ക്യാമ്പ് രാജേഷ് ശേഖർ ഉദ്ഘാടനം ചെയ്യുന്നു.

കൊടുങ്ങല്ലൂർ : അമൃത വിദ്യാലയത്തിൽ വിദ്യാർത്ഥികൾക്ക് അവധിക്കാല വോളിബാൾ പരിശീലന ക്യാമ്പിന് തുടക്കം കുറിച്ചു. പ്രിൻസിപ്പൽ സ്വാമിനി ഗുരുപ്രിയാമൃത പ്രാണാജിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ക്യാമ്പിന്റെ ഉദ്ഘാടനം പൂർവ വിദ്യാർത്ഥിയും ആൾ ഇന്ത്യ ഇന്റർ യൂണിവേഴ്‌സിറ്റി വോളിബാൾ ചാമ്പ്യനും സിൽവർ മെഡലിസ്റ്റുമായ രാജേഷ് ശേഖർ നിർവഹിച്ചു. വിദ്യാഭ്യാസ ഉപദേഷ്ടാവ് രോഹിണി ജയറാം സന്നിഹിതയായിരുന്നു. അമൃത വിദ്യാലയത്തിലെ മൂല്യാധിഷ്ഠിത ശിക്ഷണരീതിയും മികച്ച കായിക പരിശീലനവുമാണ് ജീവിതപ്രതിസന്ധികളെ തരണം ചെയ്യാനും വിനയത്തോടെ പുരോഗതിയിലേയ്ക്ക് പോകാനും തനിക്ക് കരുത്ത് പകർന്നതെന്ന് ഉദ്ഘാടന പ്രസംഗത്തിൽ രാജേഷ് ശേഖർ പറഞ്ഞു. കായികാദ്ധ്യാപകൻ രാജ് മാസ്റ്ററാണ് കുട്ടികൾക്ക് പരിശീലനം നൽകുന്നത്. ഏപ്രിൽ, മേയ് മാസങ്ങളിലായി നടക്കുന്ന ക്യാമ്പിൽ ബാസ്‌ക്കറ്റ്ബാൾ കളിയിലും പരിശീലനം നൽകും.