vehicle
തുമ്പൂർമുഴി ഗാർഡനിൽ തുരുമ്പെടുത്ത് നശിക്കുന്ന വാഹനങ്ങൾ


അതിരപ്പിള്ളി: തുമ്പൂർമുഴി വിനോദ സഞ്ചാര പാക്കേജുകളില്ലാത്തതിനാൽ തുമ്പൂർമുഴി ഡി.എം.സിയിലെ ടൂറിസം വകുപ്പിന്റെ വാഹനങ്ങൾ തുരുമ്പെടുത്ത് നശിക്കുന്നു. ഒരു കാലത്ത് വിനോദ സഞ്ചാര യാത്രയിൽ വൻ മുന്നേറ്റം നടത്തിയ വാഹനങ്ങളാണ് സംരക്ഷണമില്ലാതെ നശിക്കുന്നത്. ഡി.എം.സിയുടെ ഉമസ്ഥതയിൽ മൂന്നു വാഹനങ്ങളുണ്ട്. ടൂറിസം വകുപ്പിന് കീഴിൽ സംസ്ഥാനത്ത് തന്നെ മാതൃക ടൂറിസം പാക്കേജുകളായിരുന്നു തുമ്പൂർമുഴിയിലേത്.

2015 ലാണ് ഡി.എം.സിയുടെ ചെയർമാൻ ബി.ഡി. ദേവസ്സി മുൻകൈയെടുത്ത് തുമ്പൂർമുഴി ടൂർ പാക്കേജുകൾ ആരംഭിച്ചത്. ആദ്യം വാങ്ങിയ വാഹനം ഓടി കിട്ടിയ ലാഭ വിഹിതത്താൽ പിന്നീട് രണ്ടു വാഹനങ്ങളും വാങ്ങി. മലക്കപ്പാറ,വാൽപ്പാറ, നെല്ലിയാമ്പതി എന്നിവിടങ്ങളിലേയ്ക്ക് സംഘടിപ്പിച്ച യാത്രകൾ ജനപ്രിയവുമായി. ഇതുവഴി സ്ഥാപനത്തിന് വലിയ ലാഭവും പ്രദേശവാസികളായ ആറ് യുവാക്കൾക്ക് തൊഴിലും ലഭിച്ചു. 2017 ൽ മൺസൂൺ ടൂറിസം പ്രമോഷൻ ചെയ്യുന്നതിന്റെ ഭാഗമായി ഷോളയാർ വന മേഖലയിലേക്ക് ആരംഭിച്ച മഴയാത്ര പാക്കേജ് മാത്രം രണ്ടുമാസംകൊണ്ട് ഏകദേശം നൂറിലധികം യാത്രകളും നടത്തി. തുടർച്ചയായ പ്രളയങ്ങളും കോവിഡും പാക്കേജുകളെ സാരമായി ബാധിച്ചിരുന്നു. കോവിഡിന് ശേഷം ടൂറിസം രംഗത്ത് വലിയ ഉണർവുണ്ടായിട്ടും തുമ്പൂർമുഴിയിലെ ടൂർ പാക്കേജുകൾ മന്ദഗതിയിലായിരുന്നു. 2018 പ്രളയ കാലത്ത് ഗാർഡൻ അടച്ചിടുമ്പോൾ ഏകദേശം 50 ലക്ഷം രൂപയോളം ടൂർ പാക്കേജിന്റെ അക്കൗണ്ടിൽ ഉണ്ടായിരുന്നു. പ്രളയകാലത്തും തുടർന്ന് കോവിഡ് കാലത്തും ജീവനക്കാർക്കും ക്ലീനിങ് ജീവനക്കാർക്കും മുടക്കമില്ലാതെ ശമ്പളം നൽകിയത് ഈ തുക ഉപയോഗിച്ചാണ്. കഴിഞ്ഞ ആറുമാസത്തിനിടയിൽ വിരലിൽ എണ്ണാവുന്ന പാക്കേജുകൾ മാത്രമാണ് നടത്താനായത്. വേനലവധി ആരംഭിച്ചു ഒരാഴ്ച കഴിഞ്ഞിട്ടും ഒരു യാത്ര പോലും സംഘടിപ്പിക്കാനായിട്ടില്ല. സഞ്ചാരികളെ ആകർഷിക്കുന്ന തരത്തിൽ പാക്കേജുകൾ ആസൂത്രണം ചെയ്യാനും നടപ്പിലാക്കാനും നിലവിലെ മാനേജ്‌മെന്റിന് കഴിയാത്തതാണ് വാഹനങ്ങൾ തുരുമ്പെടുത്തു നശിക്കാൻ കാരണമെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.