
ഇരിങ്ങാലക്കുട: മൂർക്കനാട് ശിവക്ഷേത്രത്തിൽ ഉത്സവത്തിനിടെ രണ്ട് സംഘങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ യുവാവ് കുത്തേറ്റ് മരിച്ചു. ആറു പേർക്ക് ഗുരുതര പരിക്കേറ്റു. വെളുത്തൂർ മനക്കൊടി ചുള്ളിപറമ്പിൽ വീട്ടിൽ സുഭാഷ് ചന്ദ്രബോസിന്റെ മകൻ അക്ഷയ് (21) ആണ് മരിച്ചത്.
ആനന്ദപുരം കൊല്ലംപറമ്പിൽ ഷിജുവിന്റെ മകൻ സഹിൽ, മൂർക്കനാട് സ്വദേശി പ്രജിത്ത്, കൊടകര മഞ്ചേരി വീട്ടിൽ മനോജ്, ആനന്ദപുരം പൊന്നിയത്ത് വീട്ടിൽ സന്തോഷ്, തൊട്ടിപ്പാൾ നെടുമ്പാൾ വീട്ടിൽ നിഖിൽ എന്നിവർക്കുൾപ്പെടെയാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടുപേരുടെ നില ഗുരുതരമാണ്.
മൂർക്കനാട് ആലുംപറമ്പിൽ ഇന്നലെ രാത്രി ഏഴോടെയായിരുന്നു സംഭവം.
ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചുള്ള വെടിക്കെട്ട് കഴിഞ്ഞതിന് തൊട്ടുപിന്നാലെയായിരുന്നു സംഘർഷം. മൂർക്കനാട്ടെ രണ്ട് സംഘങ്ങൾ തമ്മിൽ ഫുട്ബാൾ കളിയെ ചൊല്ലി നേരത്തെ തർക്കം നിലനിന്നിരുന്നു. ഇതാണ് ഇന്നലെ സംഘർഷത്തിൽ കലാശിച്ചത്. വെടിക്കെട്ട് കഴിഞ്ഞതോടെ ഇരു സംഘങ്ങളും മാരകായുധങ്ങളുമായി പരസ്പരം ഏറ്റുമുട്ടുകയായിരുന്നു.
അക്ഷയ്‌യുടെ നെഞ്ചിനേറ്റ കുത്താണ് മരണത്തിന് ഇടയാക്കിയതെന്നാണ് വിവരം. ഇരിങ്ങാലക്കുട ഡിവൈ.എസ്.പി കുഞ്ഞിമൊയ്തീന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.