വലപ്പാട്: ഇന്ത്യൻ ഭരണഘടനയുടെ ആമുഖം ആലേഖനം ചെയ്ത ഭരണഘടനാച്ചുമരും ദേശീയ സ്മൃതിയുണർത്തുന്ന ചിത്രങ്ങളും ഇനി മുഴുവൻ വിദ്യാലയങ്ങൾക്കും മാതൃകയാക്കാം. രാജ്യത്ത് ആദ്യമായി വലപ്പാട് ജി.ഡി.എം.എൽ.പി സ്‌കൂളിലാണ് സോഷ്യൽ സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ ഭരണഘടന ആമുഖച്ചുമർ ഒരുക്കിയിട്ടുള്ളത്. ഇന്ത്യയിലെ കാത്തലിക് മെത്രാൻ സമിതിയാണ് ഭരണഘടനാ ആമുഖച്ചുമരും ദേശീയ സ്മൃതി ഉണർത്തുന്ന സ്വാതന്ത്ര്യസമര സേനാനികളുടേയും ദേശീയ നേതാക്കളുടേയും കവികളുടേയും ശാസ്ത്രജ്ഞരുടേയും ചിത്രങ്ങളും വിദ്യാലയങ്ങളിൽ സ്ഥാപിക്കാൻ നിർദ്ദേശം നൽകിയത്. ആദ്യം വലപ്പാട് ജി.ഡി.എം.എൽ.പി സ്‌കൂളും പിന്നീട് വലപ്പാട് പഞ്ചായത്തും ജില്ലാ പഞ്ചായത്തും സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പും യൂണിവേഴ്‌സിറ്റികളും ഈ മാതൃക ഏറ്റെടുക്കുകയായിരുന്നു. രാജ്യത്തിന്റെ മതേതര പൈതൃകം പ്രകാശിപ്പിക്കുന്ന ദേശീയ നവോത്ഥാന നേതാക്കളുടെയും ശാസ്ത്രജ്ഞരുടെയും കവികളുടെയും കലാകാരന്മാരുടെയും ഇരുന്നൂറിൽപരം ചിത്രങ്ങളുൾപ്പെട്ട ദേശീയ സ്മൃതി ഫോട്ടോഗാലറി രാജ്യത്ത് ആദ്യം സ്ഥാപിച്ച പ്രൈമറി വിദ്യാലയം കൂടിയാണ് വലപ്പാട് ജി.ഡി.എം സ്‌കൂൾ. സ്‌കൂളിലെ ഭരണഘടനാച്ചുമർ മറ്റ് സംസ്ഥാനങ്ങളിലെ വിദ്യാലയങ്ങൾക്കും മാതൃകയാകാൻ കഴിഞ്ഞതിലുള്ള അഭിമാനത്തിലും സന്തോഷത്തിലുമാണ് അദ്ധ്യാപകരും വിദ്യാർത്ഥികളും.