തൃശൂർ: 23 വർഷം കൊണ്ട് ഈ ചാലക്കുടിക്കാരൻ 'പോപ്പ് രാജാവ്' മൈക്കിൾ ജാക്‌സനായി ആടിത്തിമിർത്തത് പതിനായിരത്തിലേറെ വേദികളിൽ. പാരീസിലും ദുബായിലും ഇസ്രയേലിലും ജർമ്മനിയിലും ബെൽജിയത്തിലുമെല്ലാമായി പത്തിലേറെ രാജ്യങ്ങളിലെ വേദികളിൽ വെട്ടിയാട്ടിൽ രാഗേഷ് ജാക്‌സനായി.
രൂപസാദൃശ്യമല്ല, ചടുലചലനങ്ങളിലും മെയ്‌വഴക്കത്തിലുമാണ് രാഗേഷിന്റെ നൃത്തം വിദേശ നർത്തകർക്ക് പോലും വിസ്മയമായത്. 20 വയസിൽ ശരീരത്തിൽ കുടിയേറിയതാണ് മൈക്കിൾ ജാക്‌സൺ. രണ്ടു പതിറ്റാണ്ട് കടന്ന 'മൈക്കിൾ ജാക്‌സൺ ജീവിതം' കൊണ്ട് സമ്പാദ്യമൊന്നുമില്ല. പക്ഷേ, നൃത്തവും യോഗയുമെല്ലാം ചേർന്ന യോഗ തെറാപ്പി പഠിപ്പിച്ച് കുറേ രോഗികളുടെ ആരോഗ്യം കാത്തുസൂക്ഷിക്കാൻ കഴിഞ്ഞു. ചാലക്കുടിയിലെ ഫിറ്റ്‌നെസ്, യോഗതെറാപ്പി സെന്ററിൽ പഠിക്കാൻ വരുന്നവരിൽ കുട്ടികളും 60 വയസുള്ളവരുമുണ്ട്. സ്‌കൂളുകളിൽ ഹിപ് ഹോപ് ഡാൻസും പരിശീലിപ്പിക്കുന്നു.
ഗുരു വീഡിയോ കാസറ്റ്
വീട്ടിൽ സാമ്പത്തികശേഷിയില്ലാത്തതിനാൽ മൈക്കിൾ ജാക്‌സന്റെ വീഡിയാേ കാസറ്റ് വാടകയ്ക്ക് വാങ്ങി ടി.വിയിൽ കണ്ടാണ് യൗവനത്തിൽ രാഗേഷിന്റെ നൃത്ത പഠനം തുടങ്ങുന്നത്. ഐ.ടി.സിയിൽ പഠിക്കുമ്പോൾ ബ്രേക്ക് ഡാൻസിൽ ഹരം പിടിച്ചു. കലാഭവനിൽ അംഗമായിരിക്കെയാണ് സഹാറ ഇന്ത്യ ടീമിന്റെ സെലക്‌ഷൻ കിട്ടി ഇസ്രയേലിലേക്ക് പോയത്.
വിദേശപര്യടനത്തിന് അവസരം കിട്ടിയതോടെ മൈക്കിൾ ജാക്‌സന്റെ നൃത്തം പരീക്ഷിച്ചു. അത് ക്ലിക്കായതോടെ മറ്റ് ഡാൻസ് ടീമുകളും തേടിയെത്തി. മൈക്കിൾ ജാക്‌സൺ മരിക്കുന്നതിനു മുൻപ് പാരീസിൽ നൃത്തം അവതരിപ്പിച്ചു. പക്ഷേ, അദ്ദേഹത്തെ കാണണമെന്ന ചിരകാലസ്വപ്നം നടന്നില്ല. സിനിമാ - സീരിയൽ - നൃത്തരംഗത്ത് കുറേ ശിഷ്യരുമുണ്ട് രാഗേഷിന്.ബ്രേക്ക് ഡാൻസിന്റെ ട്രെൻഡ് കഴിഞ്ഞെങ്കിലും മൈക്കിൾ ജാക്‌സനായി നൃത്തം ചെയ്യാൻ പറയുന്നവരേറെയുണ്ട്. താടിവടിച്ച് മൈക്കിൾ ജാക്‌സനെപ്പോലെ അണിഞ്ഞൊരുങ്ങിയാൽ പിന്നെ, രാഗേഷ് വേറെ ലെവലാകും. ആളൂരിലാണ് താമസം. ഭാര്യ: കാവ്യ. മകൾ: വേദിക.
'ലോകത്ത് ഏറ്റവും കൂടുതലാളുകളെ വിനോദിപ്പിച്ച മൈക്കിൾ ജാക്‌സനെപ്പോലെ മറ്റൊരു കലാകാരനില്ല.'
- രാഗേഷ് വെട്ടിയാട്ടിൽ.