1

തൃശൂർ: തിരഞ്ഞെടുപ്പിന് കൃത്യം ഒരാഴ്ച മുൻപ്, ഏപ്രിൽ 19ന് കൊണ്ടാടുന്ന തൃശൂർ പൂരത്തിന്റെ പന്തലിന് ഇന്ന് കാൽനാട്ടുന്നതോടെ, പ്രചാരണം പൂരത്തിരക്കിൽ കൊട്ടിത്തിമിർക്കും.

തിരുവമ്പാടി പാറമേക്കാവ് ദേവസ്വങ്ങളുടെയും പൂരപ്രേമികളുടെയും പിന്തുണ ഉറപ്പാക്കാനാകും മൂന്നു മുന്നണികളും ശ്രമിക്കുക. മുൻകാലങ്ങളിലും തിരഞ്ഞെടുപ്പുകൾ പൂരത്തിന് മുൻപേ നടന്നിട്ടുണ്ട്. പക്ഷേ, അടുത്തകാലത്തായി വെടിക്കെട്ടിനുളള അനുമതിയും ആന എഴുന്നെള്ളത്തിലെ നിബന്ധനകളും ദേവസ്വങ്ങൾക്ക് പ്രതിസന്ധിയാകാറുണ്ട്. കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ അനുമതിക്കായി ദേവസ്വങ്ങൾ നിവേദനം നൽകുന്നതും അനുമതി വൈകുമ്പോൾ പൂരം ചടങ്ങാക്കുമെന്ന മുന്നറിയിപ്പുകളും വിവാദങ്ങൾക്ക് വഴിയൊരുക്കുന്നു. എഴുന്നെള്ളത്തിനും വെടിക്കെട്ടിനുമുള്ള തടസങ്ങൾ വരുമ്പോൾ, എൽ.ഡി.എഫിനെതിരെ യു.ഡി.എഫും എൻ.ഡി.എയും തിരിയും. കേന്ദ്രസർക്കാരിലെ വകുപ്പുകളാണ് തടസം നിൽക്കുന്നതെങ്കിൽ എൽ.ഡി.എഫും യു.ഡി.എഫും അത് ഏറ്റെടുക്കും. ഇതെല്ലാം മുന്നിൽ കണ്ട് സ്ഥാനാർത്ഥികളും മുന്നണിനേതൃത്വവും ജാഗ്രത പുലർത്തുന്നുണ്ട്. അതിനാൽ പൂരത്തിന്റെ ചടങ്ങുകളും ആഘോഷങ്ങളും സ്ഥാനാർത്ഥികൾക്കും മുന്നണിനേതൃത്വത്തിനും നിർണായകമാണ്.


മണികണ്ഠനാലിൽ ഇന്ന് കാൽനാട്ട്

പാറമേക്കാവ് വിഭാഗത്തിന്റെ മണികണ്ഠനാൽ പന്തൽ കാൽനാട്ട് ഇന്ന് നടക്കും. ശനിയാഴ്ചയാണ് തിരുവമ്പാടി വിഭാഗത്തിന്റെ പന്തലുകളുടെ കാൽനാട്ട്. വെള്ളിയാഴ്ച രാവിലെ ഒമ്പതിനും 10.30നും ഇടയ്ക്കുള്ള മുഹൂർത്തത്തിലാണ് മണികണ്ഠനാൽ പന്തൽ കാൽനാട്ടുന്നത്. പാറമേക്കാവ് മേൽശാന്തി കാരേക്കാട്ട് രാമൻ നമ്പൂതിരി ഭൂമിപൂജ നിർവഹിക്കും. എടപ്പാൾ നാദം സൗണ്ട് ഇലക്ട്രിക്‌സിന്റെ സി. ബൈജുവിന്റെ നേതൃത്വത്തിലാണ് മണികണ്ഠനാൽ പന്തൽ നിർമാണം. ശനിയാഴ്ച തിരുവമ്പാടി വിഭാഗത്തിന്റെ നടുവിലാൽ, നായ്ക്കനാൽ പന്തലുകളുടെ കാൽനാട്ടാണ് നടക്കുക. നടുവിലാൽ പന്തലിന്റെ കാൽനാട്ട് രാവിലെ എട്ടിനും നായ്ക്കനാൽ പന്തലിന്റെ കാൽനാട്ട് രാവിലെ ഒമ്പതിനും നടക്കും.

പൂരം പ്രദർശനത്തിൽ തിരക്കേറും

അവധിക്കാലമായതാേടെ തൃശൂർ പൂരം പ്രദർശനത്തിൽ വരുംദിവസങ്ങളിൽ തിരക്കേറും. പൂരം പ്രദർശനനഗരിയുടെ വാടക 42 ലക്ഷം മതിയെന്ന് മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ തീരുമാനമായതോടെ തറവാടകതർക്കം പരിഹരിച്ചിരുന്നു. 39 ലക്ഷം ഈടാക്കിയിരുന്ന തറവാടക 2.20 കോടിയായി കൂട്ടിയതായിരുന്നു പ്രതിസന്ധിയ്ക്ക് വഴിയൊരുക്കിയത്.

നിബന്ധനകൾ പതിവുപോലെ

ഫയർ ലൈനിൽ നിന്ന് 100 മീറ്റർ അകലത്തിൽ ബാരിക്കേഡ് നിർമിക്കണം.

ഗുണ്ട്, അമിട്ട്, കുഴിമിന്നൽ, നിരോധിത രാസവസ്തുക്കൾ ഉപയോഗിക്കരുത്.

വെടിക്കെട്ട് ലൈസൻസുള്ളവരിൽ അനുഭവജ്ഞാനമുള്ളവരെ നിയോഗിക്കണം

ആന പരിപാലന പദ്ധതി തയ്യാറാക്കി എലിഫെന്റ് സ്‌ക്വാഡ് രൂപീകരിക്കണം

വെടിക്കെട്ടിനും എഴുന്നെളളിപ്പിനും നിലവിൽ തടസങ്ങളില്ല. കഴിഞ്ഞവർഷത്തെ പൂരം നടത്തിപ്പിന്റെ നിബന്ധനകൾ തന്നെയാണുള്ളത്. ഒരുക്കങ്ങൾ അതിവേഗം പുരോഗമിക്കുകയാണ്.

- ജി. രാജേഷ്, സെക്രട്ടറി, പാറമേക്കാവ് ദേവസ്വം