തൃശൂർ: നന്തിക്കരയിൽ പ്രവർത്തിക്കുന്ന പറപ്പൂക്കര പഞ്ചായത്ത് ഷെഡ്യൂൾഡ് കാസ്റ്റ് സർവീസ് കോ- ഓപറേറ്റീവ് സൊസൈറ്റിയിലെ നിക്ഷേപകർക്ക് കാലാവധി പൂർത്തിയായിട്ടും പണം തിരികെ ലഭിക്കുന്നില്ലെന്ന് പരാതി. വിവിധ സ്‌കീമുകളിലായി നിക്ഷേപിച്ച മൂന്ന് കോടിയോളം രൂപ ലഭിക്കാനുണ്ടെന്ന് ആക്ഷൻ കൗൺസിൽ ഭാരവാഹികൾ ആരോപിച്ചു. പണം നിക്ഷേപിച്ച എല്ലാ ഇടപാടുകാരും വഞ്ചിക്കപ്പെട്ടിരിക്കുകയാണ്. ഒട്ടുമിക്ക ദിവസങ്ങളിലും സൊസൈറ്റി അടഞ്ഞു കിടക്കുകയാണ്. ഇരിങ്ങാലക്കുട, മുകുന്ദപുരം താലൂക്ക് സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാർ മുമ്പാകെ പരാതി നൽകിയിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ഇതേത്തുടർന്നാണ് നൂറ്റമ്പതോളം നിക്ഷേപകർ ചേർന്ന് ആക്ഷൻ കൗൺസിലിന് രൂപം നൽകിയതെന്നും ഭാരവാഹികൾ പറഞ്ഞു. ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ മുഖ്യമന്ത്രി, സഹകരണ മന്ത്രി, സഹകരണ രജിസ്ട്രാർ, കളക്ടർ, സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ, പുതുക്കാട് എസ്.എച്ച്.ഒ, തൃശൂർ എസ്.പി തുടങ്ങിവർക്ക് നിവേദനം നൽകിയെങ്കിലും നടപടി സ്വീകരിച്ചിട്ടില്ല. നടപടിയെടുക്കാൻ വൈകുന്ന സാഹചര്യത്തിൽ ജനാധിപത്യ സമരങ്ങൾക്ക് നേതൃത്വം നൽകുമെന്നും അറിയിച്ചു. വാർത്താസമ്മേളനത്തിൽ ആക്ഷൻ കൗൺസിൽ ചെയർമാൻ കെ. സുധാകരൻ, കൺവീനർ കെ. രാജേഷ്, കെ.സി. പ്രദീപ്, പ്രസന്നൻ എന്നിവർ പങ്കെടുത്തു.