edc-members
ചിമ്മിനി വന്യജീവി സങ്കേതത്തിനകത്ത് കുളങ്ങള്‍ നവീകരിച്ച ഇക്കോ ഡെവലപ്‌മെന്റ് കമ്മിറ്റി അംഗങ്ങള്‍

പാലപ്പിള്ളി: ചിമ്മിനി വന്യജീവി സങ്കേതത്തിനകത്ത് കുളങ്ങൾ നവീകരിച്ച് വന്യമൃഗങ്ങൾക്ക് ജല ലഭ്യത ഉറപ്പുവരുത്തി വനം വകുപ്പ്. വർഷങ്ങൾക്ക് മുമ്പ് നിർമ്മിച്ചിരുന്ന കുളങ്ങൾ മണ്ണടിഞ്ഞും പുല്ല് വളർന്നും മൂടിയിരുന്നു. ഈ കുളങ്ങളാണ് പുനഃരുജ്ജീവിപ്പിച്ചത്. ചിമ്മിനി ഇക്കോ ഡെവലപ്‌മെന്റ് കമ്മിറ്റി യുടെ നേതൃത്വത്തിലായിരുന്നു കുളങ്ങൾ നവീകരിച്ചത്. വിറക് തോടിലും മണ്ണാത്തികവലയിലുമാണ് കുളങ്ങൾ പുനരുജ്ജിവിപ്പിച്ചത്. ഇക്കോ ഡെവലപ്‌മെന്റ് കമ്മിറ്റി അംഗങ്ങൾ ശ്രമദാനമായാണ് കുളങ്ങൾ നവീകരിച്ചത്. തെളിനീർ നിറഞ്ഞ കുളങ്ങൾ കൊടുംചൂടിൽ മന്യമൃഗങ്ങൾക്ക് ഏറെ ആശാസമാവും. വെള്ളം തേടി നാട്ടിൽ ഇറങ്ങുന്ന വന്യമൃഗങ്ങൾക്ക് വനത്തിനകത്ത് കുടിവെള്ളം ലഭ്യമാക്കിയാൽ മനുഷ്യ വന്യജീവി സംഘർഷം കുറയ്ക്കാനകുമെന്നാണ് പ്രതീക്ഷ. ഇക്കോ ഡെവലപ്‌മെന്റ് കമ്മിറ്റി ചെയർമാൻ എം.ടി. അനിത്ത് നേതൃത്വം നൽകി. നവീകരിച്ച കുളങ്ങൾ ചിമ്മിനി ഫോറസ്റ്റ് സ്‌റ്റേഷൻ ഡെ: റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ പി.ആർ വീരേന്ദ്രകുമാർ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കെ.വി. അശോകൻ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ വി.ആർ. ബോസ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ, എം.വി. വിനയരാജ്, പി.ബി. ജിനീഷ് ബാബു എന്നിവർ സംസാരിച്ചു.