നാട്ടുകാർ പ്രക്ഷോഭത്തിലേയ്ക്ക്
ചാലക്കുടി: പതിറ്റാണ്ടുകളുടെ പഴക്കമുള്ള പരിയാരം- മൂഴിക്കകടവ് പാലം യാഥാർത്ഥ്യമാക്കാൻ നാട്ടുകാർ പ്രക്ഷോഭത്തിലേയ്ക്ക്. അതിരപ്പിള്ളി റോഡിൻ വർദ്ധിക്കുന്ന വാഹന ഗതാഗത്തിന് ആശ്വാസമാകും പരിയാരം- മൂഴിക്കകടവ് പാലം. മേലൂർ കടന്നാൽ അങ്കമാലി ആലുവ പ്രദേശങ്ങളിലേയ്്ക്ക് എളുപ്പ യാത്രയുമാകും. ചാലക്കുടി പുഴയുടെ കുറുകെ മേലൂരിൽ എത്തുന്ന പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പടിവാതിക്കൽ വന്നെത്തിയെങ്കിലും ചില ലോബികളുടെ ഇടപെടലിൽ എല്ലാം അന്യമായെന്ന് നാട്ടുകാർ പറയുന്നു. നിരന്തരം നിവേദനങ്ങൾ നൽകിയ പൗരസമിതിയുടെ പ്രവർത്തനത്തിന്റെ കൂടി ഫലമായിരുന്നു 2020, 2021 വർഷങ്ങളിൽ മൂഴിക്കകടവ് പാലം നിർമ്മാണം സംസ്ഥാന ബഡ്ജറ്റിൽ ഇടംപിടിച്ചത്. പത്തു കോടി രൂപയുടെ പ്രൊപ്പോസലായി ഉൾപ്പെടുത്തി. അന്നത്തെ എം.എൽ.എ ബി.ഡി. ദേവസിയുടെ ശ്രമഫലമായി തുടർ നടപടികളുമുണ്ടായി. മണ്ണു പരിശോധന അടമുള്ള പ്രവർത്തനങ്ങൾ വിജയകരമായി നടന്നു. പാലത്തിന്റെ ഡി.പി.ആറും തയ്യാറാക്കി. എന്നാൽ പിന്നീട് പ്രവർത്തനങ്ങൾ സ്തംഭിച്ചു. തുടർന്ന് മൂന്നു വർഷങ്ങളിലും സംസ്ഥാന ബഡ്ജറ്റിൽ നിന്നും മൂഴിക്കകടവ് പാലം ഒഴിവായി. പാലം യാഥാർത്ഥ്യമാക്കാൻ ശക്തമായ പ്രക്ഷോഭങ്ങൾ ആരംഭിക്കുമെന്ന് നാട്ടുകാർ പറയുന്നു.
നിർമ്മാണത്തിന് സ്വകാര്യ ഭൂമി ആവശ്യമില്ല
പരിയാരം കുരിശ് കവലിയിൽ നിന്നും മൂഴിക്കകടവ് വരെ പൊതുമരാമത്ത് റോഡാണ്. പാലം നിർമ്മാണത്തിന് സ്വകാര്യ ഭൂമി ആവശ്യമില്ല. പഴയകാലത്ത് ഏറ്റവും പ്രശസ്തമായിരുന്ന കടവിൽ മൂന്നു കടത്തു വഞ്ചികളുടെ സേവനമുണ്ടായിരുന്നു. മേലൂർ പഞ്ചായത്തിലെ കാർഷിക വിളകളെല്ലാം കടത്തുവഴി പരിയാരത്തെ ചന്തയിലുമെത്തിച്ചിരുന്നത്..
മേലൂർ പഞ്ചായത്തിന്റെ വികസനത്തിന് കൂടി മൂഴിക്കകടവ് പാലം ഉപകരിക്കും
ജോസ് വടക്കൻ , പരിസരവാസി.
ജീവന്മരണ പോരാട്ടം നടത്തി മേലൂർ മൂഴിക്കകടവ് പാലം യാഥാർത്ഥ്യമാക്കും.
പി.എം.ജബ്ബാർ, ജനറർ സെക്രട്ടറി ,
പരിയാരം പഞ്ചായത്ത് പൗരസമിതി.