
തൃശൂർ : മൂന്ന് മാസത്തിനുള്ളിൽ എഴുപതോളം പേരെ കാപ്പ ചുമത്തി ജയിലിലടക്കുകയും നാടു കടത്തുകയും ചെയ്തിട്ടും ജില്ലയിൽ ക്രിമിനൽ സംഘങ്ങളുടെ വാഴ്ച. ജയിലിനകത്ത് നിന്നും ജില്ലയ്ക്ക് പുറത്തുനിന്നും ക്വട്ടേഷൻ സംഘങ്ങളെ നിയന്ത്രിച്ചാണ് ഇവർ സ്വാധീനം വർദ്ധിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം മൂർക്കനാട് ശിവക്ഷേത്രത്തിൽ ഉത്സവത്തിനിടെ ആറ് പേർക്കാണ് കുത്തേറ്റത്. ഇതിൽ രണ്ടുപേർ കൊല്ലപ്പെട്ടപ്പോൾ നാലുപേർ ഗുരുതരമായ പരിക്കോടെ ആശുപത്രിയിലാണ്.
രണ്ട് സംഘങ്ങൾ തമ്പടിച്ചാണ് ഉത്സവം കാണാനെത്തിയ നൂറുക്കണക്കിന് പേരുള്ളപ്പോൾ പരസ്പരം ഏറ്റുമുട്ടിയത്. ഫുട്ബാൾ കളിയെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിലെത്തിയത്. എന്നാൽ മുൻകൂട്ടി ആസൂത്രണം ചെയ്തതാണ് മൂർക്കനാട്ടെ ആക്രമണമെന്നാണ് സൂചന. സംഘാംഗങ്ങളിൽ ഭൂരിഭാഗം പേരും 18 നും 23നും ഇടയിൽ പ്രായമുള്ളവരാണ്. പിടിയിലായ ആറ് പേരിൽ ഒരാൾ കൗമാരക്കാരനാണ്. കുറെ നാളായി കഞ്ചാവിനും മയക്കുമരുന്നിനും അടിമപ്പെട്ട് അക്രമവാസനയോടെ പെരുമാറുന്ന നിരവധി സംഘങ്ങളാണ് ജില്ലയിലുള്ളത്.
റൂറൽ പരിധിയിൽ 40ൽ ഏറെ പേർ
ജില്ലാ റൂറൽ പൊലീസ് പരിധിയിൽ കഴിഞ്ഞ ജനുവരി ഒന്ന് മുതൽ ഇതുവരെയുള്ള കണക്ക് പ്രകാരം നാൽപ്പതിലേറെ പേർക്കെതിരെയാണ് കാപ്പ ചുമത്തിയത്. ഇതിൽ പകുതിയിലേറെ പേരെ ആറ് മാസത്തേക്ക് നാട് കടത്തിയപ്പോൾ, ബാക്കിയുള്ളവരെ ജയിലിലടച്ചു. എന്നാൽ നാടു കടത്തുന്നവരിൽ പലരും ജില്ലയിലെത്തി തങ്ങളുടെ സംഘങ്ങളെ നിയന്ത്രിക്കുന്നതായി പറയുന്നു. സിറ്റി പൊലീസ് പരിധിയിൽ കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ 14 പേർക്കെതിരെയാണ് കാപ്പ ചുമത്തിയത്. ഇതിൽ 13 പേരെയും ആറ് മാസത്തേക്ക് ജില്ലയിൽ നിന്ന് നാടു കടത്തിയപ്പോൾ ഒരാളെ ജയിലിലടച്ചു. ജില്ലാ പൊലീസ് മേധാവികൾ നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കളക്ടറാണ് കാപ്പ ചുമത്തി നടപടിക്ക് ഉത്തരവിടുന്നത്.
കാപ്പയിൽ തടവ് ഒരു വർഷം
അനധികൃത മണൽ കടത്തുകാർ, പണം പലിശയ്ക്ക് നൽകുന്ന ബ്ലേഡ് സംഘങ്ങൾ, അബ്കാരി കേസിലെ പ്രതികൾ തുടങ്ങിയ സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുത്തുന്നവരെ ഗുണ്ടകളായും കൂലിത്തല്ല്, ക്വട്ടേഷൻ പ്രവർത്തനം എന്നിവയിൽ സജീവമാകുന്നവരെ റൗഡികളെന്നും കണക്കാക്കി നടപടി
ഗുണ്ട, റൗഡി എന്നീ രണ്ട് വിഭാഗമായി പരിഗണിച്ച് തടവുശിക്ഷ
കരുതൽ തടവ് കാലാവധി ഒരു വർഷം
മൂന്ന് കേസിൽ പ്രതികളാവുകയോ ഒരു കേസിൽ ശിക്ഷിക്കപ്പെടുകയോ ചെയ്യുന്നവർ ഗുണ്ടാ നിയമ പ്രകാരം കരുതൽ തടങ്കലിൽ