തൃശൂർ: കൃത്യമായി പദ്ധതി റിപ്പോർട്ട് സമർപ്പിക്കാത്തത് മൂലം വടക്കാഞ്ചേരി നഗരസഭയ്ക്ക് ലഭിക്കേണ്ട 25കോടി രൂപ ചെയർമാൻ നഷ്ടപ്പെടുത്തിയെന്ന് പ്രതിപക്ഷ കൗൺസിലർമാർ. നിരവധി തവണ ഇത് സംബന്ധിച്ച് കൗൺസിലിൽ വിഷയമവതരിപ്പിച്ചിട്ടും ഫണ്ട് നഷ്ടമായതിനെക്കുറിച്ച് ചെയർമാൻ ചർച്ചയ്ക്ക് തയ്യാറയില്ലെന്നും കൗൺസിലർമാർ കുറ്റപ്പെടുത്തി. കൗൺസിലർ ഡോ.ജോയൽ മഞ്ഞില വിവരാവകാശ പ്രകാരം എടുത്ത രേഖകളിൽ നബാർഡ് അധികൃതർ കൃത്യമായ ഇടവേളകളിൽ പ്രൊജക്ട് റിപ്പോർട്ട് സമർപ്പിക്കണമെന്ന് രേഖാമൂലം ആവശ്യപ്പെട്ടതിന്റെ തെളിവുകൾ ലഭിച്ചിട്ടും നഗരസഭ അധികൃതർ പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ നാടകമായി ഇതിനെ വ്യാഖ്യാനിക്കുകയാണെന്ന് ഇവർ കുറ്റപ്പെടുത്തി. പ്രാഥമിക ഘട്ടത്തിൽ എം.എൽ.എയുടെയും രണ്ടാം ഘട്ടത്തിൽ സ്ഥലം എം.പിയുടെയും ശുപാർശ കത്ത് സഹിതംകേന്ദ്ര എജൻസിയായ നബാർഡിന് സമർപ്പിച്ച തുക ലഭിക്കുമെങ്കിലും അനങ്ങാപാറ നയമാണ് ചെയർമാൻ കാണിച്ചതെന്നും ഇവർ പറഞ്ഞു. നഗരസഭയിൽ കൗൺസിലർമാർക്ക് ഒരോ ഡിവിഷനിലേക്കും വികസന പ്രവർത്തനങ്ങൾ ലഭിക്കേണ്ട തുകയുടെ പത്തിരട്ടിയാണ് നഗരയുടെ പിടിപ്പുകേടുകൊണ്ട് നഷ്ടമായതെന്നും ഇവർ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ പ്രതിപക്ഷനേതാവ് കെ.അജിത്ത് കുമാർ, കൗൺസിലർമാരായഡോ.ജോയൽ മഞ്ഞില, പി.എൻ.വൈശാഖ്, സന്ധ്യ കൊടയ്ക്കാടത്ത്, കെ.ടി.ജോയി എന്നിവർ പങ്കെടുത്തു.