heatwave

തൃശൂർ: ഉത്തരേന്ത്യയിൽ മാത്രമല്ല, ദക്ഷിണേന്ത്യയിലും വരാനിരിക്കുന്നത് ഉഷ്ണതരംഗമാണെന്ന മുന്നറിയിപ്പ് പുറത്തുവന്നതോടെ പാലക്കാടിനൊപ്പം തൃശൂരും ചുട്ടുപൊള്ളുമെന്ന് ഉറപ്പായി. പാലക്കാടിനും പുനലൂരിനും തൊട്ടുപിന്നാലെ തൃശൂരിലെ താപനിലയും ഉയരുകയാണ്. കഴിഞ്ഞ കുറേദിവസമായി തൃശൂരും യെല്ലോ അലർട്ടിലാണ്.

ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം തൃശൂരിൽ അടക്കം, മലയോര മേഖലകളിലൊഴികെ ഏപ്രിൽ 9 വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുണ്ടായിരുന്നു. ഏപ്രിൽ മുതൽ ജൂൺ വരെ ഉത്തരേന്ത്യയിലും ദക്ഷിണേന്ത്യയിലും അടക്കം ഉഷ്ണതരംഗത്തിനും സാദ്ധ്യതയുണ്ട്. തൃശൂരിൽ കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി 38 ഡിഗ്രി വരെ താപനില ഉയർന്നു. വേനൽമഴയ്ക്കുള്ള വിദൂരസാദ്ധ്യതകൾ പറയുന്നുണ്ടെങ്കിലും കൃത്യമായ പ്രവചനമുണ്ടായിട്ടില്ല.

ചൂടിൽ വലഞ്ഞ് വന്യമൃഗങ്ങളും

ചൂടിൽ വന്യമൃഗങ്ങളുടെ കാടിറക്കവും കൂടി. മലയോര മേഖലകളിലെ റോഡിൽ ആനയും കാട്ടുപോത്തും പന്നിയും സ്ഥിരം കാഴ്ചകളായി. കാട്ടിനുള്ളിലെ ജലസ്രോതസുകൾ പലതും വറ്റിത്തുടങ്ങി. വിനോദസഞ്ചാര മേഖലകളിലേക്കുള്ള സഞ്ചാരികളുടെ ഒഴുക്കും കുറഞ്ഞു. പീച്ചി, വാഴാനി, ചിമ്മിനി ഡാമിലെല്ലാം ജലനിരപ്പ് പെട്ടെന്ന് താഴ്ന്നു. കിണറും വറ്റിത്തുടങ്ങി. ഈ മാസം കൊടുംചൂട് തുടർന്നാൽ കൊടുംവരൾച്ചയിലേക്ക് നീങ്ങുമെന്ന ആശങ്കയും ഉയരുന്നുണ്ട്.

ഉഷ്ണതരംഗമെന്നാൽ

പകൽച്ചൂടിൽ ഒരു പ്രദേശത്തെ താപനില കുറേ വർഷങ്ങളായി രേഖപ്പെടുത്തുന്നതിനേക്കാൾ നാല് -അഞ്ച് ഡിഗ്രി സെൽഷ്യസ് ഉയരുകയും അത് നാലോ അഞ്ചോ ദിവസം തുടരുകയും ചെയ്യുമ്പോഴാണ് ഉഷ്ണതരംഗം പ്രഖ്യാപിക്കുന്നത്. ഈ താപനിലയിലെ പെട്ടെന്നുള്ള ഉയർച്ച മലയോര മേഖലയിലും സംഭവിക്കാം. തീരപ്രദേശങ്ങളിലുമുണ്ടാകാം. മൂന്നാർ പോലുള്ള ശൈത്യമേഖലകളിലേക്കും വ്യാപിച്ചേക്കാം. അതുകൊണ്ട് ഉഷ്ണതരംഗം നാടിന്റെ എല്ലാ മേഖലകളെയും ബാധിക്കാം. ആറ് ഡിഗ്രി സെൽഷ്യസിൽ നിന്ന് എട്ട് ഡിഗ്രിയിലേക്ക് ഉയരുമ്പോൾ അതീവ ഗുരുതരമായ സ്ഥിതിയിലേക്ക് ഉഷ്ണതരംഗം മാറുകയും ചെയ്യാം.

ഇന്നലത്തെ ഉയർന്ന താപനില

പാലക്കാട്: 40.7 ഡിഗ്രി
പുനലൂർ: 39.8
വെള്ളാനിക്കര: 37.4

മാർച്ച് ഒന്ന് മുതൽ ഏപ്രിൽ അഞ്ച് വരെ മഴ

സംസ്ഥാനത്ത് കിട്ടിയ മഴ: 16.9 മി.മീ
കിട്ടേണ്ടത്: 45.6 മി.മീ
കുറവ് : 63 ശതമാനം

തൃശൂരിൽ കിട്ടിയത്: 6.6 മി.മീ
കിട്ടേണ്ടത്: 28.4 മി.മീ
കുറവ്: 77 ശതമാനം

ചൂട് ഇനിയും കൂടാനുള്ള സാദ്ധ്യതകളാണുള്ളത്. എന്നാൽ വേനൽമഴ ലഭിച്ചതോടെ ചൂടിന്റെ കാഠിന്യം കുറയും.

ഡോ.ഗോപകുമാർ ചോലയിൽ

കാലാവസ്ഥാ ഗവേഷകൻ.