
തൃശൂർ: വില്യം ഷേക്‌സ്പിയറുടെ ദ കോമഡി ഒഫ് എറേഴ്‌സ് എന്ന നാടകത്തിന്റെ മലയാള ആവിഷ്‌കാരമായ 'അബദ്ധങ്ങളുടെ അയ്യരുകളി' കലിക്കറ്റ് യൂണിവേഴ്‌സിറ്റി സ്‌കൂൾ ഒഫ് ഡ്രാമ ആൻഡ് ഫൈൻ ആർട്‌സ് വിഭാഗം ഏപ്രിൽ 9 മുതൽ 12 വരെ നാല് ഷോകളായി അവതരിപ്പിക്കും. സ്‌കൂൾ ഒഫ് ഡ്രാമ വകുപ്പദ്ധ്യക്ഷൻ ശ്രീജിത്ത് രമണൻ രൂപവിതാനവും സംവിധാനവും ഡൽഹി സെന്റ് സ്റ്റീഫൻസ് കോളേജ് ഇംഗ്ലീഷ് അദ്ധ്യാപകൻ എൻ.പി.ആഷ്‌ലി രംഗപാഠവും തയ്യാറാക്കി ബാച്ചലർ ഒഫ് തീയേറ്റർ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന നാടകം പൗരത്വം, ദേശീയ സ്വത്വം, വിഭജനം, അഭയാർത്ഥികൾ എന്നിവ ഹാസ്യത്തിന്റെ മേമ്പൊടിയോടെ അവതരിപ്പിക്കുന്നു. അറബിക്കഥയുടെ പശ്ചാത്തലത്തിലാണ് നാടകം. ദിവസവും വൈകിട്ട് ഏഴിന് അരണാട്ടുകര കാമ്പസിൽ പ്രൊഫ.രാമാനുജം സ്റ്റുഡിയോ തിയേറ്ററിലാണ് അവതരണം.
മേക് അപ്പ്: പട്ടണം റഷീദ്, വെളിച്ചം: ഷൈമോൻ ചേലാട്, വസ്ത്രാലങ്കാരം: അനിത ശ്രീജിത്ത്, പ്രൊഡക്ഷൻ മാനേജർ: നിധിൻ വലിയാത്ര, മാസ്‌ക് ആൻഡ് ക്ലൗണിംഗ് : രാഹുൽ ശ്രീനിവാസൻ, നിഴൽ പാവ : രാജീവ് പുലവർ, പ്രൊജക്ഷൻ മാപ്പിംഗ് : കെ.വി.അനൂപ്. അഭിനയിക്കുന്നവർ: അനഘ രഘു, അഞ്ജലി രാജ്, അരുൺ.എ.കെ, ബ്രഹ്മദത്ത സുകുനാഥൻ, ഗീതിയ ശ്രീനിവാസൻ, ഗൗരി മനോഹരി.എസ്, ഗ്രാംഷി പ്രതാപൻ, ജമാൽ മാലിക്, ജിഷ്ണു വേദൻ, രാഹുൽ പ്രസാദ്, ശ്രീനന്ദ സുരേഷ്, ശ്രേയസ് വാസുദേവൻ, സ്റ്റീവ് ആന്റണി, വൈഷ്ണ ജിതേഷ്.
സിനിമയും നാടകവേദിയും സാമൂഹിക സാംസ്‌കാരിക സാഹചര്യങ്ങളെ അവതരിപ്പിക്കാൻ ഷേക്‌സ്പിയറുടെ രചനകളെ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ആ ധാരയിലുളള നാടകം കലാസാങ്കേതിക സങ്കേതങ്ങളുടെ സങ്കലനമായിരിക്കും
ശ്രീജിത്ത് രമണൻ
സംവിധായകൻ.