പാവറട്ടി: നീണ്ട പത്ത് വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് തൃത്താല കുടിവെള്ള പദ്ധതിയിലൂടെ ഉടൻ വെള്ളമെത്തും. 2014 ൽ ആണ് പാവറട്ടി പഞ്ചായത്തിനെ തൃത്താല കുടിവെള്ള പദ്ധതിയിൽ ഉൾപ്പെടുത്തിയത്. പത്ത് വർഷമായിട്ടും പദ്ധതി പൂർത്തീകരിക്കാൻ സാധിച്ചിരുന്നില്ല. തീരദേശ മേഖലയിൽ രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്ന ജനങ്ങൾക്ക് ആശ്വാസമാണ് ഈ പദ്ധതി. റെയിൽവേ ക്രോസ് പൊളിച്ചു പൈപ്പിടാൻ കേന്ദ്ര ഗവൺമെന്റിൽ നിന്ന് അനുമതി ലഭിക്കാതിരുന്നതാണ് പദ്ധതി വൈകാൻ കാരണമായത്. 2014 ൽ 33 കോടി രൂപയാണ് പദ്ധതിക്കായി നീക്കിവച്ചത്. എസ്റ്റിമേറ്റ് ഉണ്ടാക്കുന്നതിനായി ജല അതോറിറ്റി ആവശ്യപ്പെട്ടതനുസരിച്ച് 2014ൽ പഞ്ചായത്ത് വിഹിതമായി സർവേ നടപടികൾക്ക് 1.75 ലക്ഷം രൂപ നൽകിയിരുന്നു. കുന്നംകുളം ചാട്ടുകുളത്തുനിന്ന് ആരംഭിച്ച് പാവറട്ടി പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും കുടിവെള്ളം എത്തിക്കുകയായിരുന്നു ലക്ഷ്യം. ഇതിനായി പുളിഞ്ചേരിപ്പടിയിൽ ജലസംഭരണി നിർമാണം പൂർത്തിയാക്കി. ഈ പദ്ധതിയിൽ മുല്ലശ്ശേരി പഞ്ചായത്തിനെ കൂടി ഉൾപ്പെടുത്തുകയായിരുന്നു. 33 കോടി രൂപ വകയിരുത്തിയ പദ്ധതിക്ക് ഇപ്പോൾ റീബിൽഡ് കേരളയിൽ സ്റ്റേറ്റ് പ്ലാൻ ഫണ്ട് എന്ന പേരിൽ ഉൾപ്പെടുത്തി. 54.8 കോടി രൂപയും ജൽ ജീവൻ മിഷൻ പദ്ധതി പ്രകാരം 5.76 കോടിയുമാണ് അടങ്കൽ തുക. എന്നാൽ പദ്ധതിക്ക് തടസമായി ബ്രഹ്മകുളത്തെ റെയിൽവേ ക്രോസിന്റെ അടിയിലൂടെ പൈപ്പ് ലൈൻ വലിക്കൽ തടസമായിരുന്നു. ഈ തടസം നീങ്ങുന്നതോടെ പദ്ധതി യാഥാർത്ഥ്യമാകും.


റെയിൽവേ ക്രോസിന് സമീപം പൈപ്പിടൽ വൈകി

2015 മുതൽ 2024 വരെ മുരളി പെരുനെല്ലി എം.എൽ.എ നടപടികൾ സ്വീകരിക്കാത്തതിനാലാണ് പദ്ധതി വൈകിയതെന്ന് മുൻ പഞ്ചായത്ത് പ്രസിഡന്റ് വിമല സേതുമാധവൻ. നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന്റെ ഭാഗമായി സ്ഥലം സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അവർ. പദ്ധതി ഏറെക്കുറെ നടപ്പിലാക്കിയിട്ടും റെയിൽവേ ക്ലോസിന് സമീപം പൈപ്പ് ഇടാൻ സാധിക്കാതെ ആ പദ്ധതി മുടങ്ങിക്കിടക്കുകയായിരുന്നു. പിന്നീട് ബന്ധപ്പെട്ട മന്ത്രിയെയും ഉദ്യോഗസ്ഥരെയും സമീപിച്ച് നടപടികൾ സ്വീകരിക്കാൻ അഭ്യർത്ഥിച്ചതിന്റെ ഭാഗമായാണ് നാട്ടിക വാട്ടർ അതോറിറ്റി എക്‌സിക്യൂട്ടീവ് എൻജിനീയറുടെ നേതൃത്വത്തിൽ അടിയന്തര നടപടികൾ ഉണ്ടായതെന്നും അവർ പറഞ്ഞു. ഒരു ആഴ്ചയ്ക്കുള്ളിൽ പണി പൂർത്തിയാകുമെന്ന് കൂട്ടിച്ചേർത്തു. ബി. വേണുഗോപാൽ, ആന്റോ ലിജോ, എൻ.ജെ. ലിയോ, ബെർട്ടിൻ ചെറുവത്തൂർ, ഷമി അറക്കൽ, ഉണ്ണി പാവറട്ടി, കെ.ഡി. രാജു, ജോയ് അറയ്ക്കൽ, സേതുമാധവൻ എന്നിവർ സ്ഥലം സന്ദർശിച്ചു.


13,000 വീടുകളിലേക്ക് വെള്ളമെത്തും

ഈ മാസം തന്നെ പൈപ്പിടൽ പൂർത്തീകരിക്കാനുള്ള തയ്യാറെടുപ്പിലാണ്. മുല്ലശ്ശേരി, പാവറട്ടി പഞ്ചായത്തുകളിലായി 13,000 വീടുകളിലേക്കാണ് കുടിവെള്ളം വീട്ടുകണക്ഷനായി നൽകുന്നത്. രണ്ടു പഞ്ചായത്തുകളിലായി അയ്യായിരത്തോളം വീടുകളിൽ കണക്ഷൻ നൽകിയിട്ടുണ്ട്. ബ്രഹ്മകുളം റെയിൽവേ ക്രോസിന്റെ അടിയിലൂടെ 3.5 മീറ്റർ പൈപ്പ് കണക്ഷൻ ഇടുന്ന ജോലികളാണ് നടക്കുന്നത്. ഒരാഴ്ചക്കുള്ളിൽ പണികൾ പൂർത്തീകരിച്ച് ചാട്ടുകുളത്തെ കുടിവെള്ള പൈപ്പുമായി ബന്ധിപ്പിക്കും. ഇതിനായി ജല അതോറിറ്റി 5.19 ലക്ഷം രൂപ റെയിൽവേയിൽ കെട്ടിവെച്ചിരുന്നു.