
പുതുക്കാട് : ഐക്യകേരളം രൂപീകരിച്ച ശേഷം നടന്ന തിരഞ്ഞെടുപ്പിൽ ജന്മനാടായ ചാലക്കുടിയിൽ കേരള രാഷ്ട്രീയത്തിൽ അതികായകൻ പനമ്പിള്ളി രാഘവമേനോനെ മുട്ടുകുത്തിച്ച സി.ജി.ജനാർദ്ദനന് 1967ൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ മുകുന്ദപുരത്ത് വെള്ളം കുടിപ്പിച്ച ചരിത്രവുമുണ്ട്.
അന്ന് സോഷ്യലിസ്റ്റ് സ്ഥാനാർത്ഥിയായ സി.ജി.ജനാർദ്ദനൻ വോട്ടെണ്ണലിൽ ആദ്യം മുതൽ ലീഡ് ചെയ്തു.
പനമ്പിള്ളിയെ ഒരിക്കൽ കൂടി സി.ജി തോൽപ്പിക്കുമെന്ന തോന്നലിൽ സി.ജിയുടെ അണികൾ പടക്കം പൊട്ടിച്ചും മുദ്രാവാക്യം മുഴക്കിയും വിജയാഘോഷമായി. പക്ഷേ അവസാന ഘട്ടത്തിൽ പനമ്പിള്ളി ലീഡ് ചെയ്ത് 5338 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. ആ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് കേരളത്തിൽ നിന്നും ലഭിച്ച ഒരേ ഒരു സീറ്റായിരുന്നു മകുന്ദപുരത്തേത്. 1971ൽ മുകുന്ദപുരത്ത് കോൺഗ്രസ് സ്ഥാനാർത്ഥി എ.സി.ജോർജ്ജിനെതിരെ എസ്.എസ്.പി സ്ഥാനാർത്ഥിയായി സി.ജി.ജനാർദ്ദനൻ മത്സരിച്ചെങ്കിലും വിജയം ജോർജ്ജിനായിരുന്നു.
വർഷങ്ങൾ കഴിഞ്ഞ് 1980ൽ സി.പി.എം നേതാവും ട്രേഡ് യൂണിയൻ നേതാവുമായിരുന്ന ഇ.ബാലാനന്ദനോട് എറ്റുമുട്ടാൻ മുകുന്ദപുരത്തെത്തിയത് സി.ജി.ജനാർദ്ദനന്റെ ജ്യേഷ്ഠ സഹോദരൻ സി.ജി.കുമാരനായിരുന്നു. കോൺഗ്രസിന്റെ സഖ്യകക്ഷിയായ എസ്.ആർ.പിയുടെ സ്ഥാപകനേതാക്കളിൽ ഒരാളായിരുന്ന കുമാരൻ മുകുന്ദപുരത്ത് നല്ല മത്സരം കാഴ്ചവെച്ചു. റെയിൽവേയിൽ ഉദ്യോഗസ്ഥനായിരുന്ന കുമാരൻ റെയിൽവേ ജീവനക്കാരുടെ സംഘടനയുടെ അഖിലേന്ത്യാ നേതാവായി.
പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധിയുമായി വ്യക്തിബന്ധം ഉണ്ടായിരുന്ന സി.ജി.കുമാരന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഇന്ദിരാഗാന്ധി ഇരിങ്ങാലക്കുടയിലെത്തി. പോൾ ചെയ്ത വോട്ടിന്റെ 40.74 ശതമാനം വോട്ടുകൾ സി.ജി.കുമാരൻ നേടിയെങ്കിലും വിജയം ഇ.ബാലാനന്ദനായിരുന്നു. പിന്നീട് നാളികേര വികസന ബോർഡിന്റെ ചെയർമാനായി. പുതുക്കാട് സ്വാമിയാർ കുന്നിലെ ശ്രീ നാരായണ വിജ്ഞാന ക്ഷേത്രത്തിന്റെ രക്ഷാധികാരിയായിരുന്നു കുമാരൻ. 1984ൽ നടന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ സി.പി.എം നേതാവായിരുന്ന എം.എം.ലോറൻസിനെ പരാജയപ്പെടുത്തി കേരള കോൺഗ്രസിലെ യുവനേതാവ് കെ.മോഹൻദാസ് മണ്ഡലം പിടിച്ചെടുത്തു. അതും മുകുന്ദപുരത്ത് ചരിത്രമായി. അന്നത്തെ മുകുന്ദപുരം ലോകസഭാ മണ്ഡലത്തിൽ മാള, ഇരിങ്ങാലക്കുട, വടക്കേക്കര, കൊടുങ്ങല്ലൂർ, അങ്കമാലി, ചാലക്കുടി, പെരുമ്പാവൂർ എന്നീ നിയമസഭാ മണ്ഡലങ്ങളാണ് ഉണ്ടായിരുന്നത്.