കൊടുങ്ങല്ലൂർ: ബൈപാസിലെ സി.ഐ ഓഫീസ് ജംഗ്ഷനിൽ എലിവേറ്റഡ് ഹൈവേ നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികൾ നടത്തിവരുന്ന സമരം 135-ാം ദിവസം പിന്നിട്ടു. 150 ദിസവം കടക്കുമ്പോൾ സമരം ശക്തമാക്കാനും കൊടുങ്ങല്ലൂരിൽ ഹർത്താൽ നടത്താനുമാണ് തീരുമാനം. ബൈപാസിൽ ഒരിടത്തും എലിവേറ്റഡ് ഹൈവേ ഇല്ലാതിരുന്ന സമയത്താണ് കർമ്മസമിതി രൂപീകരിച്ച് സി.ഐ ഓഫീസ് സിഗ്‌നലിൽ എലിവേറ്റഡ് ഹൈവേ വേണമെന്ന് ആവശ്യം ഉയർന്നത്.
ബൈപാസിൽ നിരന്തരം അപകടങ്ങളും മരണങ്ങളും ഉണ്ടായതാണ് എലിവേറ്റഡ് ഹൈവേ വേണമെന്ന ആവശ്യത്തിന് പിന്നിൽ. വിദ്യാലയങ്ങൾ, നിരവധി സർക്കാർ ഓഫീസുകൾ, കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിലേക്ക് ബൈപാസ് റോഡ് മുറിച്ചാണ് പോകേണ്ടി വരുന്നത്. ഇതേത്തുടർന്ന് നിരവധി ബഹുജനപ്രക്ഷോഭങ്ങളും നടന്നിട്ടുണ്ട്. 2012 ൽ എലിവേറ്റഡ് ഹൈവേ സമരം ഒത്തു തീർന്നത് നഗരത്തിന്റെ മദ്ധ്യഭാഗമായതിനാൽ എലിവേറ്റഡ് ഹൈവേ വരുന്നത് വരെ സിഗ്‌നൽ എന്ന ഉറപ്പിലായിരുന്നു.
എന്നാൽ ദേശീയപാത 66 ന്റെ പ്രോജക്ട് വന്നപ്പോൾ എലിവേറ്റഡ് ഹൈവേ നഗരത്തിന്റെ വടക്കെഅറ്റത്തേക്ക് മാറ്റുകയും സി.ഐ ഓഫീസ് സിഗ്‌നലിൽ ലൈറ്റ് വെഹിക്കുലർ അണ്ടർപാസ് നൽകുമെന്നുമായിരുന്നു രേഖകളിൽ. ശാസ്ത്രീയ പരിഹാരം അതെങ്കിൽ നടപ്പാകട്ടെ എന്നായിരുന്നു സമിതി തീരുമാനം. എന്നാൽ പിന്നീട് സി.ഐ സിഗ്‌നലിൽ ഒരു ക്രോസിംഗ് സംവിധാനവും ഇല്ലെന്ന് ഉറപ്പായി. ഇവിടെ അടച്ചുകെട്ടുമെന്ന് ഉത്കണ്ഠ പരന്നതോടെ സ്ഥലം എം.പിയും എം.എൽ.എയും കേന്ദ്രമന്ത്രിയെ കണ്ട് കാര്യങ്ങൾ ധരിപ്പിച്ചു.
സമരസമിതി നേതാക്കളും കേന്ദ്ര മന്ത്രിയെ കണ്ടിരുന്നു. ശരിയാക്കാമെന്ന് അറിയിച്ചെങ്കിലും പ്രൊജക്ട് ഡയറക്ടറും മറ്റും തടസവാദം ഉന്നയിക്കുന്നതാണ് വിനയാകുന്നത്. ഇതുവഴി സഞ്ചരിക്കാൻ ഒരു സുരക്ഷിത ക്രോസിംഗ് സംവിധാനമെങ്കിലും ഒരുക്കണമെന്നാണ് സമര സമിതിയുടെ ആവശ്യം. ഇന്നലെ നടന്ന സമരത്തിൽ അഡ്വ. കെ.കെ. അൻസാർ, ആർ.എം. പവിത്രൻ, പി. സുരേഷ് കെ.സി. ജയൻ, പി.ജി. നൈജി തുടങ്ങിയവർ സംസാരിച്ചു.