കൊടുങ്ങല്ലൂർ: ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ ഭരണി മഹോത്സവം ഹരിതചട്ടം പാലിച്ച് നടത്താൻ ശുചിത്വ മിഷനും കൊടുങ്ങല്ലൂർ നഗരസഭയും തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ഇന്നലെ ക്ഷേത്രപരിസരം മുഴുവൻ ശുചീകരിച്ചു. വരുംദിവസങ്ങളിൽ ഭരണി മഹോത്സവം പൂർത്തിയാക്കുന്നത് വരെയും ശുചീകരണം തുടരും.

മഹോത്സവുമായി ബന്ധപ്പെട്ട് എത്തിച്ചേരുന്നവർക്കായി എല്ലാവിധ സൗകര്യങ്ങളും നഗരസഭ ഒരുക്കിയിട്ടുണ്ട്. കൂടാതെ ക്ഷേത്ര പരിസരത്തെ മാലിന്യം നീക്കുന്നതിനും സജ്ജീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. ക്ഷോത്രത്തിലെത്തുന്ന ഭക്തർക്ക് സൗജന്യ ടോയ്ലറ്റ് സൗകര്യങ്ങളുമുണ്ട്. ക്ഷേത്ര പരിസരത്തെ വാണിജ്യ സ്ഥാപനങ്ങളിൽ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ വിൽക്കുന്നതും മാലിന്യ സംസ്‌കരണ പരിപാടികളും പരിശോധിക്കുന്നതിന് ഹെൽത്ത് സ്‌ക്വാഡ് രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.

നഗരസഭയ്ക്ക് പ്ലാസ്റ്റിക് പ്രോസസിംഗിനായി 2 ആർ.ആർ.എഫും, 5 എം.സി.എഫും ഉണ്ട്. നഗരസഭ 44 വാർഡുകളിലായി ഓരോ മിനി എം.സി.എഫുകളും സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ മാലിന്യ സംസ്‌കരണം ഊർജിതപ്പെടുത്തുന്നതിന്റെ ഭാഗമായി 2 ഓർഗാനിക് വേസ്റ്റ് കൺവെർട്ട‌ർ പ്രവർത്തനം തുടങ്ങി. പ്ലാന്റുകളിലേക്ക് മാലിന്യം കാര്യക്ഷമമായി എത്തിക്കുന്നതിന് 35 ഓളം കൈവണ്ടികളും 3 ഇ- ഓട്ടോകളും എത്തിയിട്ടുണ്ട്.