കൊടുങ്ങല്ലൂർ: ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ ഭരണി മഹോത്സവത്തിന്റെ ഭാഗമായി തിങ്കളാഴ്ച രാവിലെ ഒമ്പത് മുതൽ ചൊവ്വാഴ്ച വൈകിട്ട് അഞ്ച് വരെ ഗതാഗത നിയന്ത്രണം. ഇരിങ്ങാലക്കുട ഭാഗത്ത് നിന്നും കൊടുങ്ങല്ലൂർ ഭാഗത്തേക്ക് വരുന്ന ബസുകൾ ചാപ്പാറ ജംഗ്ഷനിൽ റൂട്ട് അവസാനിപ്പിക്കണം. ഇരിങ്ങാലക്കുട ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ കോണത്തുകുന്ന് ജംഗ്ഷനിൽ നിന്നും വലത്തോട്ട് തിരിഞ്ഞ് എസ്.എൻ പുരം വഴി ദേശീയപാത 66 ലേക്ക് പ്രവേശിക്കണം.
തെക്കുനിന്നും തൃശൂർ ഭാഗത്തേക്ക് പോകേണ്ട എമർജൻസി വാഹനങ്ങൾ അശോക തിയേറ്ററിന് മുൻവശം വലത്തോട്ട് തിരിഞ്ഞ് മുസിരിസ് ബസ് സ്റ്റാൻഡ് വഴി കൊടുങ്ങല്ലൂർ - തൃശൂർ സ്റ്റേറ്റ് ഹൈവെയിൽ പ്രവേശിക്കേണ്ടതാണ്. മാള ഭാഗത്ത് നിന്ന് വടക്കോട്ട് പോകുന്ന വാഹനങ്ങൾ കീത്താളി വളവിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് പഴയ ഹൈവേ വഴി കോട്ടപ്പുറം ടോൾ എൻ.എച്ച് 66ലേക്ക് പ്രവേശിക്കണം.
മാള ഭാഗത്ത് നിന്ന് തൃശൂരിലേക്ക് പോകുന്ന വാഹനങ്ങൾ കീത്താളി വളവിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് പഴയ ഹൈവേ വഴി കോട്ടപ്പുറം ടോൾ എൻ.എച്ച് 66ലേക്ക് പ്രവേശിച്ച് എസ്.എൻ പുരം വഴിയോ മൂന്നുപീടിക വഴിയോ കൊടുങ്ങല്ലൂർ - തൃശൂർ സ്റ്റേറ്റ് ഹൈവേയിലേക്ക് പ്രവേശിക്കണം.
എൻ.എച്ച് 66 റോഡിൽ കൊടുങ്ങല്ലൂർ ബൈപാസ് സർവീസ് റോഡ് വഴി ഗതാഗതം സുഗമമാക്കുന്നതിന് പാർക്കിംഗ് നിയന്ത്രിക്കേണ്ടതാണ്. പാർക്കിംഗിന് അനുവദനീയമായ സ്ഥലത്ത് മാത്രം വാഹനങ്ങൾ പാർക്ക് ചെയ്യേണ്ടതാണെന്നും പൊലീസ് അറിയിച്ചു.