sneha-shilpam

കൊടുങ്ങല്ലൂർ: ഡാവിഞ്ചി സുരേഷ് നിർമ്മിച്ച ആടുജീവിതം സ്‌നേഹശില്പം നജീബിന് സമ്മാനിക്കും. ഏപ്രിൽ ആറിന് രാവിലെ 11ന് ആലപ്പുഴ ആറാട്ടുപുഴയിലെ നജീബ് എന്ന ഷുക്കൂറിന്റെ വീട്ടിൽ വച്ചായിരിക്കും കൊടുങ്ങല്ലൂർ സ്വദേശിയും ശിൽപ്പിയുമായ ഡാവിഞ്ചി സുരേഷ് നിർമ്മിച്ച സ്‌നേഹശില്പം കൈമാറുക.

കലാകാരന്മാരുടെ കൂട്ടായ്മയായ എക്‌സോട്ടിക് ഡ്രീംസിലെ കലാകാരന്മാരും പങ്കെടുക്കും. ശിൽപ്പത്തിനൊപ്പം കലാകാരന്മാർ വരച്ച ചിത്രങ്ങളും സമ്മാനിക്കും. ആടുജീവിതം നോവലിന്റെ കവർപേജിനെയും നോവലിൽ നിന്ന് വെള്ളിത്തിരയിലേയ്ക്ക് എത്തിയതിനെയും ആസ്പദമാക്കി നജീബിന്റെ മുഖവും ഉൾപ്പെടുത്തി തയ്യാറാക്കിയ ഈ ശിൽപ്പം സിനിമ റിലീസാവുന്നതിന് ഒരാഴ്ച മുൻപേ നിർമ്മിച്ചതാണ്. ഇരുമ്പ് കമ്പികളും തകിട് ഷീറ്റും ഫൈബർ മെറ്റീരിയലും ഉപയോഗിച്ച് നാലടിയോളം ഉയരത്തിലാണ് ശിൽപ്പം നിർമ്മിച്ചത്. സമൂഹ മാദ്ധ്യമങ്ങളിലൂടെ ജനശ്രദ്ധയാകർഷിച്ച ഈ സ്‌നേഹ ശിൽപ്പം ശനിയാഴ്ച സുരേഷ് കലാകാരന്മാരായ സുഹൃത്തുക്കളോടൊപ്പം നജീബിന്റെ വീട്ടിലെത്തി സമ്മാനിക്കുകയാണ്.