bus-stand
അന്യവാഹനങ്ങൾ പാർക്ക് ചെയ്തിരിക്കുന്ന നോർത്ത് ചാലക്കുടി ബസ് സ്റ്റാൻഡ്.

ചാലക്കുടി: മൂന്ന് തവണ ഉദ്ഘാടനവും ഒട്ടേറെ നിർമ്മാണ പ്രവർത്തനങ്ങളും നടത്തിയെങ്കിലും ചാലക്കുടി നഗരസഭയുടെ നോർത്ത് ബസ് സ്റ്റാൻഡ് ഇന്നും നോക്കുകുത്തിയായി തുടരുന്നു. അന്യവാഹനങ്ങൾ പാർക്ക് ചെയ്യാനും നാട്ടുകാർക്ക് പൊരി വെയിലത്ത് വിശ്രമിക്കാനുമാണ് നഗരസഭയുടെ അഭിമാന പദ്ധതികളിലൊന്നായ നോർത്ത് ബസ് സ്റ്റാൻഡ് ഇപ്പോൾ ഉപയോഗിക്കുന്നത്. ഒന്നോ രണ്ടോ ബസുകൾ മാത്രമാണ് ഈ സ്റ്റാൻഡിൽ പ്രവേശിക്കുന്നത്. ബസ് കയറാൻ ഇവിടെ യാത്രക്കാർ എത്താത്തതാണ് പ്രധാന പ്രശ്‌നം. സ്റ്റാൻഡിന് സമീപമുള്ള ട്രാംവേ റോഡ് റോഡ് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ബസ് ഷെൽട്ടറിനെയാണ് യാത്രക്കാർ ആശ്രയിക്കുന്നത്. ഷെൽട്ടർ ഇവിടെ നിന്നും മാറ്റുന്നത് ഉൾപ്പടെ നിരവധി ട്രാഫിക് പരിഷ്‌കാരങ്ങൾ പലവട്ടം നഗരസഭ ചെയർമാൻ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഒന്നും നടപ്പിലായില്ല. സ്വകാര്യ ബസുടമകൾ മുടന്തൻ ന്യായങ്ങൾ നിരത്തിയതാണ് ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയുടെ തീരുമാനങ്ങൾക്ക് വിലങ്ങുതടിയായത്. ചില തീരുമാനങ്ങൾക്കെതിരെ വ്യാപാരികളും രംഗത്തെത്തിയിരുന്നു. നഗരത്തിലെ ഗതാഗതക്കുരുക്ക് നിയന്ത്രിക്കുന്നതിനായ് ഈ നോർത്ത് ബസ് സ്റ്റാൻഡിനെ പ്രയോജനപ്പെടുന്നതിൽ നഗരസഭ ഭരണ സമിതിക്ക് വലിയ വീഴ്ച സംഭവിച്ചെന്ന് ആക്ഷേപമുണ്ട്. മൂന്നു പതിറ്റാണ്ട് മുമ്പ് തുടങ്ങിയതാണ് ഇവിടെ ബസ് സ്റ്റാൻഡ് തുടങ്ങുവാനുള്ള പ്രയത്‌നങ്ങൾ. ഇടതുവലതു മുന്നണികൾ പരസ്പരം പോരടിച്ച ശേഷമാണ് ഇത് യാഥാർത്ഥ്യമായത്. മത്സരിച്ച് മൂന്ന് ഉദ്ഘാടനവും നടത്തിയിരുന്നു.