മാള: സമ്പാളൂരിലും പാളയംപറമ്പിലും ജല അതോറിറ്റിയുടെ പൈപ്പ് പൊട്ടൽ തുടർക്കഥയായതോടെ കുടിവെള്ളം കിട്ടാതെ ജനം നെട്ടോട്ടമോടുന്നു. തുടരെയുള്ള പൈപ്പ് പൊട്ടൽ മൂലം കാടുകുറ്റി പഞ്ചായത്തിലാണ് ദുരിതമേറെ. കാടുകുറ്റി പഞ്ചായത്തിലെ ഒന്ന്, 14 , 15, 16 വാർഡുകളിൽ കുടിവെള്ള വിതരണം മുടങ്ങുന്നത് പതിവായിരിക്കയാണ്. കുടിവെള്ള ക്ഷാമം രൂക്ഷമായ ഒന്നാം വാർഡായ വട്ടക്കോട്ട, സാമ്പളൂർ ഭാഗങ്ങളിൽ പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാൻ പോലും വെള്ളം കിട്ടാതെ ജനം ദുരിതത്തിലാണ്. ജല അതോറിറ്റിയുടെ കുടിവെള്ളത്തെയാണ് ഈ മേഖലയിലുള്ളവർ കൂടുതലും ആശ്രയിക്കുന്നത്. തുടരെയുള്ള പൈപ്പ് പൊട്ടൽ മൂലം കുടിവെള്ളം വിതരണം മുടങ്ങുന്നത് പതിവായതോടെ സമ്പാളൂർ വട്ടക്കോട്ട ഭാഗത്തെ വീട്ടുകാരും കോളനി നിവാസികളും വൈന്തല കാരാണിപുറത്തുള്ള വീട്ടുകാരുമാണ് ദുരിതം പേറുന്നത്.
കഴിഞ്ഞദിവസം സമ്പാളൂർ പള്ളിയുടെ മുൻവശത്ത് വലിയ ശബ്ദത്തോടെ പൈപ്പ് പൊട്ടിയതോടെ പ്രദേശം പ്രളയ സമാനമായ സ്ഥിതിയിലായി. അടുത്തുള്ള കോളനിയിലടക്കം വെള്ളം കയറി. സമ്പാളൂരിൽ നിന്നും ഗുരുതിപ്പാലയിലേക്ക് പോകുന്ന ബി.എം ആൻഡ് ബി.സി നിലവാരത്തിൽ നിർമ്മിച്ച പുതിയ റോഡിന്റെ ഒരു ഭാഗം പൈപ്പ് പൊട്ടലിൽ പിളർന്ന് മുകളിലേക്കുയർന്നു. മാസത്തിൽ രണ്ട് പ്രാവശ്യമെങ്കിലും ഈ ഭാഗങ്ങളിൽ പൈപ്പ് പൊട്ടൽ പതിവാണ്.
20 കൊല്ലം മുമ്പാണ് ജല അതോറിറ്റി ഈ റോഡിൽ പൈപ്പുകൾ സ്ഥാപിച്ചത്. ശരിയായ അളവിൽ പൈപ്പുകൾ താഴ്ത്തി ഇടാത്തതും റോഡിലൂടെ അമിതമാരമുള്ള ടോറസുകൾ കടന്നുപോകുന്നതും പൈപ്പ് പൊട്ടുന്നതിനുള്ള കാരണമായി ജല അതോറ്റിറ്റി പറയുന്നു. ഒരു മാസം മുമ്പ് ജലജീവൻ മിഷന്റെ പൈപ്പിടാൻ ഈ റോഡിന്റെ ഒരുവശം പൊളിച്ചത് ടാറിംഗ് നടത്തി പൂർവസ്ഥിതിയിലാക്കാത്തത് മൂലം രൂക്ഷമായ പൊടി ശല്യമാണ് അനുഭവപ്പെടുന്നത്. ജലജീവൻ മിഷന് വേണ്ടി കുഴിക്കുന്ന റോഡിന്റെ വശങ്ങൾ ഉടൻ ടാർ ചെയ്ത് പൂർവസ്ഥിതിയിലാക്കണം എന്നുള്ളതാണ് ചട്ടമെങ്കിലും പാലിക്കാൻ ബന്ധപ്പെട്ടവർ വിമുഖത കാട്ടുന്നു. പൈപ്പ് പൊട്ടൽ മൂലം കുടിവെള്ള വിതരണം തടസപ്പെടുന്നതിന് പുറമെ റോഡ് പൂർവ സ്ഥിതിയിലാക്കാത്തതും പൊടി ശല്യവും ജനങ്ങളെ വലയ്ക്കുകയാണ്. അടുത്ത പൈപ്പ് പൊട്ടൽ ഇനിയെന്നാണ് എന്ന ആശങ്കയിലാണ് പരിസര നിവാസികൾ.
പാളയംപറമ്പ് മുതൽ വട്ടക്കോട്ട വരെ തുടരെ പൈപ്പ് പൊട്ടുന്നത് മൂലം ജനങ്ങൾ അനുഭവിക്കുന്ന ദുരിതം മാറ്റാൻ ജല അതോറിറ്റി ശാശ്വതമായ പരിഹാരം കണ്ടെത്തണം.
- കെ.സി. മനോജ്
(കാടുകുറ്റി പഞ്ചായത്ത് അംഗം)
പ്നാൻ ഫണ്ടിന്റെ ലഭ്യത അനുസരിച്ച് അടുത്ത സീസണിൽ സമ്പാളൂർ പാളയംപറമ്പ് വരെയുള്ള ഭാഗത്തെ പി.വി.സി പൈപ്പുകൾ മാറ്റി ഡി.ഐ പൈപ്പുകൾ ആക്കാനാണ് ഉദ്ദേശം. ഇതോടെ പൈപ്പ് പൊട്ടൽ പ്രശ്നത്തിന് ശാശ്വത പരിഹാരമാകും.
- അസി. എക്സി. എൻജിനിയർ
(ജല അതോറിറ്റി, ചാലക്കുടി)