
തൃശൂർ: തിരഞ്ഞെടുപ്പ് അടുത്തതോടെ, കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ ഇ.ഡി- ആദായ നികുതി വകുപ്പ് അന്വേഷണത്തെ ചൊല്ലി മുന്നണികൾ തമ്മിൽ പോര്. സി.പി.എം നേതാക്കളെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്തതും പാർട്ടിയുടെ ബാങ്ക് അക്കൗണ്ട് ആദായനികുതി വകുപ്പ് മരവിപ്പിച്ചതും ഉയർത്തിക്കാട്ടി കോൺഗ്രസ് നേതാക്കൾ ഡീൽ പരാമർശവുമായി രംഗത്തെത്തി.
കരുവന്നൂർ തട്ടിപ്പിൽ തെളിവുണ്ടായിട്ടും സി.പി.എം നേതാക്കളെ അറസ്റ്റ് ചെയ്യാത്തത് സി.പി.എം-ബി.ജെ.പി ഡീലിന്റെ ഭാഗമാണെന്ന് കോൺഗ്രസ് നേതാക്കളായ ടി.എൻ.പ്രതാപനും അനിൽ അക്കരെയും ആരോപിച്ചു. തട്ടിപ്പിലെ പ്രതികളെ ഉടൻ പിടികൂടുമെന്ന് പ്രധാനമന്ത്രി പറഞ്ഞെങ്കിലും അതുണ്ടായില്ല. സി.പി.എം തട്ടിപ്പിന്റെ പുതിയ വിവരങ്ങൾ പുറത്തുവന്നെന്നും അതിനാൽ ഡീൽ മുറുകുകയാണെന്നും അനിൽ അക്കര ഫേസ്ബുക്കിൽ കുറിച്ചു. സി.പി.എം നേതാക്കളായ പി.കെ.ബിജു, എം.എം.വർഗീസ്, പി.കെ.ഷാജൻ എന്നിവരെ ഇ.ഡി കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു.
ഭയമൊന്നുമില്ലെന്ന് സി.പി.എം
അതേസമയം തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ഇ.ഡിയെക്കൊണ്ട് രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണ് ബി.ജെ.പിയെന്ന് സി.പി.എമ്മും ഇടതുമുന്നണിയും ആരോപിച്ചു. ഭയക്കാനൊന്നുമില്ല. കരുവന്നൂർ കേസ് അന്വേഷിക്കാൻ ശുഷ്‌കാന്തി കാണിക്കുന്ന ഇ.ഡി കൊടുങ്ങല്ലൂരിലെ കള്ളനോട്ട് കേസും കൊടകര കുഴൽപ്പണ കേസ് അന്വേഷിക്കാത്തതെന്താണെന്നും സി.പി.എം ജില്ലാക്കമ്മിറ്റി ചോദിച്ചു. പ്രതികൾ ബി.ജെ.പി നേതാക്കളായതുകൊണ്ടാണ് കേന്ദ്ര ഏജൻസികൾ കണ്ണടച്ചത്. കേന്ദ്ര അന്വേഷണ ഏജൻസികൾ കാണിക്കുന്ന പക്ഷപാതിത്വത്തെ കുറിച്ചാണ് കോൺഗ്രസ് പ്രതികരിക്കേണ്ടത്.
ഉറപ്പ് ആവർത്തിച്ച് മോദി
ആലത്തൂരിലെ എൻ.ഡി.എ സ്ഥാനാർത്ഥി ഡോ.ടി.എൻ.സരസു പ്രധാനമന്ത്രി നരേന്ദ്രമോദിയോട് സംസ്ഥാനത്തെ സഹകരണ ബാങ്ക് തട്ടിപ്പിനെപ്പറ്റി സൂചിപ്പിച്ചിരുന്നു. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം അഭിനന്ദിക്കാനായി മോദി ഫോൺ വിളിച്ചപ്പോഴാണിത് പറഞ്ഞത്. ഇ.ഡി കണ്ടുകെട്ടിയ പണം, നഷ്ടപ്പെട്ടവർക്ക് നൽകുമെന്നും കുറ്റക്കാരെ ശിക്ഷിക്കുമെന്നും പ്രധാനമന്ത്രി ഉറപ്പ് പറഞ്ഞിരുന്നു.
ഇനി വേണം അമിത അദ്ധ്വാനം
ജില്ലാ കമ്മിറ്റിയുടെ ബാങ്ക് ഒഫ് ഇന്ത്യയിലെ അക്കൗണ്ട് മരവിപ്പിക്കുന്നതോടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള പണത്തിന് ബുദ്ധിമുട്ടും
ജില്ലാ സെക്രട്ടറിയെ ഉൾപ്പെടെ തുടർചോദ്യം ചെയ്യലിനായി വിളിപ്പിച്ചാൽ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനം താളം തെറ്റും
ഓരോ ദിവസവും ഇ.ഡിയും ആദായ നികുതി വകുപ്പും കണ്ടെത്തുന്ന വിവരങ്ങൾ വരുത്തുന്ന പ്രതിച്ഛായാ നഷ്ടം
പ്രതിരോധിക്കാൻ നേതാക്കളെ ഇറക്കി വിശദീകരണത്തിന് വേണ്ടിവരുന്ന അമിത അദ്ധ്വാനം
കൊടുങ്ങല്ലൂരിൽ രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയെ തകർക്കുന്ന കള്ളനോട്ടടി ആധുനിക പ്രസ് ഉപയോഗിച്ചാണ് നടത്തിയത്. കൊടകരയിലെ കേസിൽ സംസ്ഥാനത്തിന് പുറത്തുള്ളവർക്ക് കൂടി പങ്കാളിത്തമുള്ള കുഴൽപ്പണം തിരഞ്ഞെടുപ്പിൽ വിനിയോഗിക്കാൻ ബി.ജെ.പി ഇറക്കിയിരുന്നു. ഇത്തരം കേസുകൾ അന്വേഷിക്കുന്നതും അന്വേഷിക്കാതിരിക്കുന്നതും രാഷ്ട്രീയ കാരണങ്ങളാലാകുന്നത് നിയമ വ്യവസ്ഥയോടുള്ള അനാദരവും ധാർഷ്ട്യവുമാണ്.
എൽ.ഡി.എഫ്
ജില്ലാ കമ്മിറ്റി.
ഓരോ ദിവസവും സി.പി.എം ജില്ലാ കമ്മറ്റിയുടെ പുതിയ പുതിയ സാമ്പത്തിക ക്രമക്കേടുകൾ പുറത്തുവരികയാണ്. അതനുസരിച്ച് ബി.ജെ.പി അവരുടെ വിലപേശൽ കൂട്ടി കൂട്ടി വരുന്നു. സി.പി.എം-ബി.ജെ.പി ഡീൽ അത് കൂടുതൽ ഉറപ്പിക്കുന്ന നടപടികളാണ് അന്വേഷണ ഏജൻസികളുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്.
അനിൽ അക്കര
സഹകരണ സംഘങ്ങളിലെ അഴിമതികൾ ഉൾപ്പെടെ തൃശൂരിലെ സി.പി.എം നേതൃത്വം ഇന്നോളം നടത്തിയിട്ടുള്ള വൻകൊള്ളകളുടെ പണമാണ് ആദായ നികുതി വകുപ്പ് മരവിപ്പിച്ചത്. കരുവന്നൂർ ഉൾപ്പെടെയുള്ള സഹകരണ തട്ടിപ്പുകളിൽ ഇരകളായവർക്ക് പണം തിരികെ നൽകാതെ സർക്കാർ കടുത്ത വഞ്ചനയാണ് കാണിക്കുന്നത്.
ജോസ് വള്ളൂർ
ഡി.സി.സി പ്രസിഡന്റ്
കരുവന്നൂരിലെ പാവങ്ങളെ കൊള്ളയടിച്ച പണമാണ് ഇടതുമുന്നണി തിരഞ്ഞെടുപ്പിൽ ധൂർത്തടിക്കുന്നത്. കള്ളപ്പണം കൈയോടെ പിടികൂടിയപ്പോൾ സി.പി.എം-സി.പി.ഐ നേതൃത്വം മൗനത്തിലാണ്. രഹസ്യ അക്കൗണ്ട് ഇല്ലെന്ന് പറഞ്ഞിരുന്നത് കളവാണെന്ന് ബോദ്ധ്യപ്പെട്ടു. കരുവന്നൂർ തട്ടിപ്പിലെ പ്രധാന പ്രതിയായ എം.കെ.കണ്ണനാണ് സുനിൽകുമാറിന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ. ജനങ്ങളോട് അൽപ്പമെങ്കിലും കരുതലുണ്ടെങ്കിൽ എം.കെ.കണ്ണനെ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് സുനിൽകുമാർ ആവശ്യപ്പെടണം.
കെ.കെ.അനീഷ് കുമാർ
ബി.ജെ.പി ജില്ലാ പ്രസിഡന്റ്