venders

ചേർപ്പ്: പഞ്ചായത്ത് അതിർത്തിയിൽ അനധികൃത വഴിയോരക്കച്ചവടം നിരോധിക്കും. കോൺഗ്രസ് നേതൃത്വം ഇടപെട്ട് വിളിച്ചു ചേർത്ത വ്യാപാരികളുടെയും പഞ്ചായത്ത് ഭരണസമിതി അംഗങ്ങളുടെയും യോഗത്തിലാണ് തീരുമാനം. 2022ൽ സബ് കമ്മിറ്റി തീരുമാനപ്രകാരം അനധികൃത വഴിയോരക്കച്ചവടം നിരോധിക്കാൻ പഞ്ചായത്ത് കമ്മിറ്റി തീരുമാനമെടുത്തിരുന്നെങ്കിലും അത് നടപ്പാക്കിയിരുന്നില്ല. ഇതോടെ വ്യാപാരി വ്യവസായി ഏകോപന സമിതി ചേർപ്പ് യൂണിറ്റ് കോടതിയെ സമീപിച്ചു. കോടതി പഞ്ചായത്തിനോട് നടപടിയെടുക്കാൻ ആവശ്യപ്പെട്ടെങ്കിലും നടപടിയൊന്നുമുണ്ടായില്ല. ലോക്‌സഭ തിരഞ്ഞെടുപ്പ് അടുത്തതോടെ വ്യാപാരികൾ നോട്ടയ്ക്ക് വോട്ട് കാമ്പയിനുമായി രംഗത്തിറങ്ങിയപ്പോൾ കോൺഗ്രസ് നേതൃത്വം രംഗത്തുവരികയായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് സുജീഷ കള്ളിയത്തിന് കർശന നിർദേശം നൽകിയതിനെ തുടർന്നുണ്ടായ യോഗത്തിലാണ് വഴിയോരക്കച്ചവടം നിരോധിക്കാനും പ്രധാന ഇടങ്ങളിൽ നിരോധന ബോർഡ് വയ്ക്കാനും തീരുമാനിച്ചത്. കെ.കെ. കൊച്ചുമുഹമ്മദ്, എം.കെ. അബ്ദുൾ സലാം, സിജോ ജോർജ്, സി.കെ. വിനോദ്, അഡ്വ. ബിജു കുണ്ടുകുളം, പഞ്ചായത്ത് പ്രസിഡന്റ് സുജിഷ കള്ളിയത്ത്, വൈസ് പ്രസിഡന്റ് സുരേഷ്, വ്യാപാരി നേതാക്കളായ കെ.കെ. ഭാഗ്യനാഥൻ, ജോൺസൺ ചിറമ്മൽ, കെ.പി. വർക്കി എന്നിവർ പങ്കെടുത്തു.