അന്തിക്കാട് : മാലിന്യക്കൂമ്പാരമായി മാറി അന്തിക്കാട് പഞ്ചായത്ത് ഓഫീസ് പരിസരം. പഞ്ചായത്ത് ഓഫീസിന്റെ പുറകുവശത്താണ് മാലിന്യങ്ങൾ കുമിഞ്ഞുകൂടി കിടക്കുന്നത്. പഞ്ചായത്ത് ഓഫീസിന് സമീപത്ത് തന്നെയാണ് മിനി സിവിൽ സ്റ്റേഷൻ. അതിനടുത്തായുള്ള കുടുംബാരോഗ്യ കേന്ദ്രത്തിലേക്കും പ്രദേശത്തെ വീടുകളിലേക്കുമുള്ള വഴിയരികിലാണ് മാലിന്യങ്ങൾ നിറഞ്ഞ് കിടക്കുന്നത്. പഞ്ചായത്തിൽ നിന്നും സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ഓഫീസുകളിൽ നിന്നുമുള്ള മാലിന്യങ്ങളും ഇവിടെയാണ് തള്ളുന്നതെന്നാണ് സൂചന. പേപ്പർ, പ്ലാസ്റ്റിക്ക്, ഭക്ഷണ അവശിഷ്ടങ്ങൾ എന്നിവയാണ് തള്ളുന്നത്. മാലിന്യങ്ങൾ കുമിഞ്ഞുകൂടി കിടക്കുന്നതൊടൊപ്പം ഇഴ ജന്തുക്കളുടെ ശല്യവുമുണ്ട്. വഴിവിളക്കുകൾ ഇല്ലാത്തതിൽ രാത്രികാലങ്ങളിൽ ഇതുവഴിയുള്ള പ്രദേശവാസികളുടെ യാത്രയും ദുഷ്‌ക്കരമാണ്. മാലിന്യങ്ങൾ നിക്ഷേപിക്കുന്നതിന് കാര്യക്ഷമമായ സംവിധാനങ്ങളൊരുക്കി പ്രദേശവാസികളുടെ ദുരിതത്തിന് പരിഹാരം കാണണമെന്നാണ് ഉയരുന്ന ആവശ്യം.
വിഷയം പഞ്ചായത്തിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. തിങ്കളാഴ്ച ചേരുന്ന ഭരണസമിതി യോഗത്തിന് ശേഷം മാലിന്യങ്ങൾ നീക്കുന്നതോടൊപ്പം സിവിൽ സ്റ്റേഷനിലെ ഓഫീസുകളിൽ നിന്നുള്ള മാലിന്യങ്ങൾ നിക്ഷേപിക്കുന്നതിനും സൗകര്യമൊരുക്കും.
- ശരണ്യ രജീഷ്
(അഞ്ചാം വാർഡ് മെമ്പർ)