പുതുക്കാട്: പാലപ്പിള്ളിയിൽ അടിക്കാടിന് തീപിടിച്ച് മൂന്ന് വർഷം പ്രായമായ റബർ മരങ്ങൾ കത്തിയ സംഭവത്തിൽ ദുരൂഹത. പതിനായിരം മരങ്ങൾ കത്തിയയെന്നാണ് അധികൃതർ അവകാശപെടുന്നത്. എന്നാൽ ഇതിന്റെ പകുതി പോലും മരങ്ങൾ ഉണ്ടായിരുന്നില്ലെന്ന് പരിസരവാസികൾ പറയുന്നു. റബറിന് വില കുറഞ്ഞതിനെ തുടർന്ന് പ്രാദേശിക മാനേജ്‌മെന്റ് വ്യാപകമായി കരാർ ജോലികൾ നൽകി തൊഴിൽ നിയമം ലംഘിക്കുകയാണെന്നാണ് ആരോപണം. മൂന്ന് വർഷം മുമ്പ് നട്ട റബർ മരങ്ങൾ ശരിയായ രീതിയിൽ സംരക്ഷിക്കാതിരുന്നതിനാൽ മാനും ആനയും ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾ വ്യാപകമായി നശിപ്പിച്ചിരുന്നു. അടിക്കാടുകൾ വളരാതെ സംരക്ഷിക്കേണ്ട സ്ഥലത്ത് കാട് വളർന്ന് മരങ്ങൾ തന്നെ മൂടിയിരുന്നു. മരങ്ങൾ സംരക്ഷിക്കാനുള്ള ചുമതല ഇപ്പോൾ കരാർ നൽകുകയാണ്. ഏറെക്കുറെ ജോലികൾ കരാറെടുക്കുന്നത് ട്രേഡ് യൂണിയൻ നേതാക്കളോ ബിനാമികളോ ആണ്. മൂന്ന് വർഷം മുമ്പ് നട്ട മരങ്ങളിൽ പകുതി പോലും വളരാതെ നശിച്ച സ്ഥലത്ത് തീ കത്തിയതിലാണ് ദുരൂഹത. കമ്പനിയുടെ ഓഫീസിൽ നിന്നും അന്വേഷണം വന്നാൽ രക്ഷപ്പെടാനുള്ള ശ്രമത്തിന്റെ ഭാഗമാണ് തീയെന്നാണ് ആക്ഷേപം. കരാറെടുക്കുന്നവർ ജോലി ചെയ്തില്ലെങ്കിൽ നടപടി സ്വീകരിക്കേണ്ട ഉദ്യോഗസ്ഥരും കരാറുകാരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് ഇവിടെയെന്നാണ് ആരോപണമുണ്ട്.