പാവറട്ടി: വെങ്കിടങ്ങ് പൊണ്ണമുത കോൾപടവിൽ ഇത്തവ വിളവിൽ ഗണ്യമായി കുറവ്. നെൽച്ചെടികളിലെ രോഗബാധയും ജല ലഭ്യതക്കുറവും ഉപ്പുവെള്ളം കയറുന്നതുമാണ് കാരണമെന്ന് കർഷകർ പറയുന്നു. കോൾ നിലങ്ങളിലെ ഭൂരിപക്ഷം പടവുകളിലെ വിളവും കുറഞ്ഞു. പൊണ്ണമുത കോൾപടവിൽ 300 ഏക്കറിൽ വരുന്ന പടവിൽ കഴിഞ്ഞ ദിവസമാണ് കൊയ്ത്ത് തുടങ്ങിയത്. നെൽച്ചെടി പൂ വിടുന്ന സമയന്ന് യഥാക്രമം വെള്ളം കിട്ടാത്തതും കാലാവസ്ഥ വ്യതിയാനവും രോഗാവസ്ഥയുമാണ് നെല്ലിന്റെ വിളവ് കുറയാൻ കാരണം. ഇടിയഞ്ചിറ, ഏനാമാവ് റെഗുലേറ്ററ്റുകളുടെ തകരാറുമൂലം കനാലുകളിൽ പുളിവെള്ളം ഇടയ്ക്ക് കയറ്റുന്നതും നെൽകൃഷിയെ ദോഷകരമായി ബാധിച്ചിട്ടുണ്ട്. 130 ദിവസം പ്രായമുള്ള ഉമാ വിത്ത് ഉപയോഗിച്ചാണ് കൃഷിയിറക്കിയിരുന്നത്. കൃഷി വകുപ്പ് അധികൃതരുടെ നിർദേശാനുസരണം മരുന്നു പ്രയോഗം നടത്തിയെങ്കിലും നെൽച്ചെടിയുടെ രോഗത്തിന് കാര്യമായ മാറ്റം ഉണ്ടായില്ലെന്ന് കർഷകർ പറഞ്ഞു. കർഷക സർവകലാശാല അധികൃതർ നടത്തിയ പരിശോധനയിൽ തണ്ടുതുരപ്പൻ, ബ്ലാസ്റ്റ്, ബി.എൽ.ബി. തുടങ്ങിയ രോഗങ്ങൾ നെൽച്ചെടികളിൽ കണ്ടെത്തിയിട്ടുണ്ട്. വിദഗ്ദ പരിശോധനക്കായി നെൽച്ചെടിയും മണ്ണും ഇവർ ശേഖരിച്ചിട്ടുണ്ട്.