തൃശൂർ: തിരഞ്ഞെടുപ്പ് പ്രചാരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി 15ന് കുന്നംകുളത്തെ പൊതുപരിപാടികളിൽ പങ്കെടുക്കുമെന്ന് ഏതാണ്ട് ഉറപ്പായതോടെ ജില്ലയിലെ പ്രചാരണം ഉച്ചസ്ഥായിയിലേക്ക്. 15ന് എൽ.ഡി.എഫ് പ്രചാരണത്തിന് മുഖ്യമന്ത്രി പിണറായി വിജയനും തൃശൂരിലെത്തും. എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.എസ്. സുനിൽ കുമാറിനെക്കുറിച്ചുള്ള 'മ്മ്‌ടെ സ്വന്തം സുനിച്ചേട്ടൻ' എന്ന പുസ്തകത്തിന്റെ പ്രകാശനവും നിർവഹിക്കും. ശക്തൻ നഗറിൽ വൈകിട്ട് അഞ്ചിനാണ് പരിപാടി. കേരളത്തിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ 58 ഓളം പ്രമുഖർ പുസ്തകത്തിൽ എഴുതുന്നുണ്ട്.
അതേസമയം യു.ഡി.എഫ് സ്ഥാനാർത്ഥി കെ. മുരളീധരന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും ഇന്ന് ജില്ലയിലെത്തുന്നുണ്ട്. രാവിലെ 9.30ന് ഒല്ലൂർ സെന്ററിൽ ചേരുന്ന പൊതുസമ്മേളനത്തിൽ പ്രസംഗിക്കും. രാഹുൽഗാന്ധി അടക്കം കോൺഗ്രസിന്റെ ദേശീയ നേതാക്കളും വരുംദിവസങ്ങളിൽ എത്തിയേക്കും. നീണ്ട പ്രചാരണത്തെ ചൂടു പിടിപ്പിക്കാൻ ഉതകുന്ന പ്രസംഗങ്ങളും വാക്പോരുമായി ദേശീയ നേതാക്കളും എത്തുന്നതോടെ തിരഞ്ഞെടുപ്പ് രംഗത്തെ ആവേശം കൊടുമ്പിരികൊള്ളും.
കരുവന്നൂർ കത്തുമ്പോൾ
കരുവന്നൂർ സഹകരണ ബാങ്ക് സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട ഇ.ഡി റെയ്ഡും സി.പി.എം നേതാക്കളെ ചോദ്യം ചെയ്യലും ഉൾപ്പെടെ നടക്കുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ വരവ്. കരുവന്നൂരിൽ പ്രധാനമന്ത്രിയെ എത്തിക്കാനും ശ്രമം നടന്നിരുന്നു. ത്രികോണമത്സരം നടക്കുന്ന തൃശൂരിൽ എൻ.ഡി.എ സ്ഥാനാർത്ഥി സുരേഷ് ഗോപിയുടെ പ്രചാരണത്തിന് സഹായമാകുന്ന രീതിയിലാണ് ആലത്തൂർ മണ്ഡലത്തിൽ ഉൾപ്പെടുന്ന കുന്നംകുളം നിയമസഭാ മണ്ഡലത്തെ പരിപാടിക്കായി പരിഗണിക്കുന്നത്.
വരവ് ആവർത്തിച്ച് മോദി
കഴിഞ്ഞ വർഷം സെപ്തംബറിൽ വന്ദേഭാരത് എക്‌സ്പ്രസ് ഉദ്ഘാടനം മുതൽ ഔദ്യോഗികവും അല്ലാത്തതുമായ പരിപാടികളുമായി പലതവണ പ്രധാനമന്ത്രി കേരളത്തിലെത്തി. 2023 ഏപ്രിലിൽ കൊച്ചിയിൽ നടന്ന യുവജനസംഗമം, തൃശൂരിലെ വനിതാ സംഗമം, ഗുരുവായൂരിൽ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിനൊപ്പം തൃപ്രയാർ ക്ഷേത്രദർശനം, കൊച്ചിയിൽ ഷിപ്‌യാർഡിലെ ഔദ്യോഗിക പരിപാടിക്കുശേഷം റോഡ് ഷോ... തുടങ്ങിയ പരിപാടികൾക്കാണ് മോദിയെത്തിയത്.
മാറ്റിപ്പിടിച്ച് മുന്നണി തന്ത്രങ്ങൾ
1. ദക്ഷിണേന്ത്യ കേന്ദ്രീകരിച്ച് പ്രവർത്തനം ശക്തമാക്കാൻ ബി.ജെ.പി.
2. പ്രധാനമന്ത്രിയുടെ അടിക്കടിയുള്ള സന്ദർശനം വീണ്ടും തുടരും
3. ന്യൂനപക്ഷ മുന്നാക്ക വോട്ടുകൾ കൂടുതൽ ഉറപ്പാക്കാൻ യു.ഡി.എഫ്
4. കരുവന്നൂർ പ്രശ്‌നം നിയമപരമായി പ്രതിരോധിക്കാനും ഇ.ഡി ഇൻകംടാക്‌സ് നടപടികൾ അനുകൂലമാക്കാനും ഇടത്