മാള: കേരള ലത്തീൻ കത്തോലിക്കാ സഭയുടെ പരമാദ്ധ്യക്ഷനും കേരള റീജ്യൺ ലാറ്റിൻ കൗൺസിലിന്റെ പ്രസിഡന്റുമായ ബിഷപ്പ് ഡോ. വർഗീസ് ചക്കാലയ്ക്കലിന്റെ മെത്രാഭിഷേക രജത ജൂബിലിയോട് അനുബന്ധിച്ച് 13ന് ജന്മനാടായ മാളയിൽ വിപുലമായ ആഘോഷ പരിപാടികൾ നടത്തും. മാള പൗരാവലിയും കോട്ടപ്പുറം രൂപതയും മാള പള്ളിപ്പുറം ഇടവകയും ചേർന്നാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. വൈകിട്ട് 3.30ന് മാള ടൗണിൽ മാള പൗരാവലിയുടെ സ്വീകരണവും ഹാരാർപ്പണവും, മാള പള്ളിപ്പുറം ഇടവക സ്‌ക്വയറിൽ നടക്കുന്ന അനുമോദന സമ്മേളനത്തിൽ വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, ബെന്നി ബെഹ്‌നാൻ എം.പി, എം.എൽ.എമാരായ വി.ആർ. സുനിൽകുമാർ, ഇ.ടി. ടൈസൺ, വിവിധ രൂപതകളിലെ മെത്രാന്മാർ, പൗരപ്രമുഖർ എന്നിവർ പങ്കെടുക്കും.
വർഗീസ് ചക്കാലയ്ക്കൽ ആലുവ സെന്റ് ജോസഫ് പൊന്തിഫിക്കർ സെമിനാരിയിൽ നിന്നും ദൈവശാസ്ത്രത്തിൽ ഉന്നത ബിരുദവും മൈസൂർ സർവകലാശാലയിൽ നിന്നും സാമ്പത്തിക ശാസ്ത്രത്തിൽ എം.എയും പാസ്സായി. പിന്നീട് റോമിലെ ഊർബൻ സർവകലാശാലയിൽ നിന്നും സഭാ നിയമം പഠിച്ച് ഡോക്ടറേറ്റ് നേടി.
1999ൽ അദ്ദേഹത്തിന്റെ 46-ാം വയസിലാണ് ലത്തീൻ കത്തോലിക്ക കണ്ണൂർ രൂപതയുടെ പ്രഥമ മെത്രനാകുന്നത്. ബെനഡിക്ട് പതിനാറൻ മാർപാപ്പ 2012 മേയ് 13നാണ് കോഴിക്കോട് രൂപതയുടെ ഇടയനായി അദ്ദേഹത്തെ നിയമിച്ചത്. മികച്ച വചനപ്രഘോഷൻ, ദൈവ ശാസ്ത്രജ്ഞൻ, വാഗ്മി എന്നിവ കൂടാതെ സഭാ നിയമവിദഗ്ദ്ധൻ കൂടിയാണ് വർഗീസ് ചക്കാലയ്ക്കൽ.