കുരുംബ ഭഗവതി ക്ഷേത്രത്തിന്റെ തെക്കെ മൈതാനത്ത് ആരംഭിച്ച അന്നദാനം ദേവസ്വം ബോർഡ് പ്രസിഡന്റ് എം.കെ. സുദർശനൻ ഉദ്ഘാടനം ചെയ്യുന്നു.
കൊടുങ്ങല്ലൂർ: കുരുംബ ഭഗവതി ക്ഷേത്രത്തിലെ മീനഭരണി മഹോത്സവത്തോട് അനുബന്ധിച്ച് ക്ഷേത്ര ഉപദേശക സമിതി, അന്നദാന യജ്ഞ സമിതി എന്നിവയുടെ നേതൃത്വത്തിൽ സേവാഭാരതിയുടേയും വിവിധ ഹൈന്ദവ, സാമൂഹിക, സാമുദായിക, ആദ്ധ്യാത്മിക, സാംസ്‌കാരിക സേവാസംഘടനകളുടെയും സംയുക്താഭിമുഖ്യത്തിൽ ആരംഭിച്ച അന്നദാനം യജ്ഞം കൊച്ചിൻ ദ്ദേവസ്വം ബോർഡ് പ്രസിഡന്റ് ഡോ. എം.കെ. സുദർശനൻ ഉദ്ഘാടനം ചെയ്തു. വലിയ തമ്പുരാൻ കുഞ്ഞുണ്ണിരാജ ഭദ്രദീപം തെളിച്ചു. അന്നദാനയജ്ഞ സമിതി ചെയർമാൻ പ്രൊഫ. പി. നാരായണൻകുട്ടി മേനോൻ അദ്ധ്യക്ഷനായി. സേവാഭാരതി ജില്ലാ രക്ഷാധികാരി മേജർ ജനറൽ ഡോ. പി. വിവേകാനന്ദൻ, ദേവസ്വം ബോർഡ് അംഗങ്ങളായ എം.ബി. മുരളീധരൻ, പ്രേംരാജ് ചൂണ്ടലത്ത്, കമ്മിഷണർ അനിൽകുമാർ, അന്നദാന യജ്ഞ സമിതി വർക്കിംഗ് ചെയർമാൻ അഡ്വ. എം. ത്രിവിക്രമൻ അടികൾ, ക്ഷേത്ര ഉപദേശക സമിതി സെക്രട്ടറി എ. വിജയൻ, ജനറൽ കൺവീനർ പി.ജി. ശശികുമാർ എന്നിവർ പ്രസംഗിച്ചു. മൂന്നു ദിവസങ്ങളിലായി രണ്ട് ലക്ഷത്തിൽപ്പരം ഭക്തർക്ക് അന്നദാനം നടത്തും. തെക്കെ മൈതാനിയിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിൽ പ്രഭാത ഭക്ഷണം, കുടിവെള്ളം, ചികിത്സാ സഹായം, ഇൻഫർമേഷൻ സെന്റർ, ആംബുലൻസ് സഹായം തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്.