ldf

ചാലക്കുടി: ന്യൂനപക്ഷങ്ങൾക്ക് അടക്കം എല്ലാ വിഭാഗങ്ങൾക്കും സമാധാന ജീവിതം ഗ്യാരന്റി നൽകുന്നതാണ് കേരള മോഡൽ ഭരണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. എൽ.ഡി.എഫ് സ്ഥാനാർത്ഥി പ്രൊഫ. സി. രവീന്ദ്രനാഥിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം നടന്ന പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നൽകുന്ന വാഗ്ദാനങ്ങളെല്ലാം നിറവേറ്റുന്ന കേരളത്തിന്റെ ഗ്യാരന്റിയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ സംസ്ഥാന തിരഞ്ഞെടുപ്പിലെ പ്രകടന പത്രികയിലെ ചുരുക്കം ചില വാഗ്ദാനങ്ങൾ ഒഴികെ മറ്റുള്ളവയെല്ലാം നടപ്പാക്കി. കേന്ദ്ര സർക്കാർ പിടിച്ചുവച്ച 64,000 കോടി രൂപ ലഭിച്ചിരുന്നെങ്കിൽ ക്ഷേമ പെൻഷൻ ഇതിനകം 2500 രൂപയാക്കുമായിരുന്നു. സാമ്പത്തികമായി ബി.ജെ.പി സർക്കാർ ശ്വാസം മുട്ടിക്കുമ്പോഴും സർക്കാർ മുന്നേറുകയാണ്. നീതി ആയോഗിന്റെ ഉൾപ്പെടെ 70ഓളം പുരസ്‌കാരങ്ങൾ നേടി. ബിജെ.പിക്ക് കുടപിടിക്കുന്ന കോൺഗ്രസ് ഒരു കാര്യത്തിലും നിലപാടില്ലാത്തവരായി. പൗരത്വ ഭേദഗതി നിയമത്തിലും കേരളത്തിലെ നേതാക്കൾക്ക് പ്രത്യേക നിലപാടാണെന്നും എം.വി. ഗോവിന്ദൻ കുറ്റപ്പെടുത്തി.

മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി പ്രസിഡന്റ് പി.ഐ. മാത്യു അദ്ധ്യക്ഷനായി. സി.പി.ഐ സംസ്ഥാന എക്‌സി. അംഗം സി.എൻ. ജയദേവൻ, ആർ.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറി യൂജിൻ മോറേലി, എൻ.സി.പി സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ. രാജൻ, സി.പി.എം ജില്ലാ എക്‌സിക്യൂട്ടിവ് അംഗം യു.പി. ജോസഫ്, ബി.ഡി. ദേവസി, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ്, സി.ആർ. വത്സൻ, ജോസ് പൈനാടത്ത്, ഉണ്ണിക്കൃഷ്ണൻ ഈച്ചരത്ത്, കെ.എസ്. അശോകൻ, ജോർജ്ജ് വി. ഐനിക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.