അന്തിക്കാട് : ശ്രീനാരായണ ഗുരുദേവൻ ദീപ പ്രതിഷ്ഠ നടത്തിയ കാരമുക്ക് ചിദംബര ക്ഷേത്രത്തിലെ വിഷു പൂരാഘോഷത്തിന് ഇന്ന് തുടക്കം.
രാവിലെ 9.30ന് മേൽശാന്തി സിജിത്ത് കൊടിയേറ്റ് നടത്തും. 14 നാണ് പ്രസിദ്ധമായ വിഷു പൂരം. 11 ഉത്സവക്കമ്മിറ്റികളിൽ നിന്ന് പൂരം എഴുന്നള്ളിപ്പ് നടക്കും. ഉത്സവത്തിന്റെ ഭാഗമായി ക്ഷേത്രത്തിൽ പ്രത്യേക ഹോമങ്ങളും അർച്ചനകളും നടക്കും. 12ന് വൈകിട്ട് ഏഴിന് തൃശൂർ കലാദർശന്റെ ഗാനമേള ആൻഡ് മെഗാഷോ, 13ന് നാട്യ കലാലയ കാരമുക്കിന്റെ നൃത്തങ്ങളും സിനിമാറ്റിക് ഡാൻസും 14ന് വിഷുദിനത്തിൽ വൈകിട്ട് 6.30ന് നടക്കുന്ന കൂട്ടി എഴുന്നള്ളിപ്പിന് പെരുവനം കുട്ടൻ മാരാർ, പഴുവിൽ രഘു മാരാർ എന്നിവരുമായി 101 കലാകാരന്മാരുടെ മേളം നടക്കും. 15ന് പുലർച്ചെ നാലിന് പൂരം എഴുന്നള്ളിപ്പ് എന്നിവ നടക്കുമെന്ന് ശ്രീനാരായണ ഗുപ്ത സമാജം പ്രസിഡന്റ് ബിജു ഒല്ലേക്കാട്ട്, സെക്രട്ടറി കെ.ജി. ശശിധരൻ എന്നിവർ പറഞ്ഞു.