തൃശൂർ: മലയാളത്തിൽ ആരെയും അനുകരിക്കാതെ ഒറ്റപ്പെട്ട സാഹിത്യ പ്രതിഭാസങ്ങളാണ് വൈക്കം മുഹമ്മദ് ബഷീറും വി.കെ. എന്നുമെന്ന് പ്രൊഫ. എസ്.കെ. വസന്തൻ അഭിപ്രായപ്പെട്ടു. മലയാള കാവ്യസാഹിതി ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എഴുതുന്ന കഥകളുടെ ശീർഷകങ്ങൾ പ്രാധാന്യമർഹിക്കുന്നവയാണ്. എം.ടി.യുടെ ഇരുട്ടിന്റെ ആത്മാവ്, ടി. പത്മനാഭന്റെ പ്രകാശം പരത്തുന്ന പെൺകുട്ടി, മാധവിക്കുട്ടിയുടെ നെയ്പ്പായസം തുടങ്ങിയ കഥകളുടെ ശീർഷകങ്ങൾ കേൾക്കുമ്പോൾ തന്നെ അതിലെ കഥാപാത്രങ്ങളെയും നമ്മുക്ക് ഓർമ്മവരും. നീണ്ട ശീർഷകങ്ങളിലേക്ക് പോകാതെ ചുരുക്കമായ ശീർഷകങ്ങളാണ് ശ്രദ്ധിക്കപ്പെടുകയെന്ന് എസ്.കെ. വസന്തൻ പറഞ്ഞു. സാഹിതി ജില്ലാ പ്രസിഡന്റ് സുദർശന കുമാർ വടശ്ശേരിക്കര അദ്ധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് കാവാലം അനിൽ മുഖ്യപ്രഭാഷണം നടത്തി. ഡോ. ജയപ്രകാശ് ശർമ്മ, മീന അരവിന്ദ് എന്നിവരെ ആദരിച്ചു. പ്രൊഫ. വി.എ. വർഗീസ്, ബിന്ദു ദിലീപ് രാജ്, ബേബി പേനകം, സുചിത്ര വി. പ്രഭു, അജിത രാജൻ, പി.ബി. രമാദേവി, ചന്ദ്രമോഹൻ കുമ്പളങ്ങാട്, പ്രീത വിജയ്, സന്ധ്യ അറയ്ക്കൽ, സുനിത സുകുമാരൻ എന്നിവർ പ്രസംഗിച്ചു. കലാപരിപാടികൾ പിന്നണി ഗായിക ഹരിത ഹരീഷും കവിയരങ്ങ് കവി വിജേഷ് എടക്കുന്നിയും ഉദ്ഘാടനം ചെയ്തു. വിവിധ പുരസ്‌കാരങ്ങളുടെ വിതരണവും സാഹിതി അംഗങ്ങളുടെ കലാപരിപാടികളും ഉണ്ടായിരുന്നു.