തൃശൂർ: തൃശൂർ കോർപ്പറേഷനിലെ താത്കാലിക ജീവനക്കാരനെ കോർപ്പറേഷൻ ഓഫീസിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. അരിമ്പൂർ കൈപ്പിള്ളി സ്വദേശി കണ്ടമ്പുള്ളി സതീഷാണ് (38) കോർപ്പറേഷൻ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്റെ മുറിക്ക് തൊട്ടടുത്ത മുറിയിൽ തൂങ്ങി മരിച്ചത്. ആരോഗ്യവിഭാഗം ഹെൽത്ത് സ്‌ക്വാഡിൽ കഴിഞ്ഞ ഏഴ് വർഷമായി ഡ്രൈവറായി ജോലി നോക്കുകയായിരുന്നു.
രാത്രി ഡ്യൂട്ടിക്ക് ശേഷമാണ് ആത്മഹത്യ ചെയ്തത്. രാവിലെ പതിവ് സമയം കഴിഞ്ഞിട്ടും വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് വീട്ടുകാർ പലവട്ടം ഫോണിൽ വിളിച്ചെങ്കിലും മറുപടിയുണ്ടായില്ല. തുടർന്ന് സഹപ്രവർത്തകരെ ബന്ധപ്പെട്ടു. അവർ മുറിയിൽ ചെന്ന് നോക്കിയപ്പോൾ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. കുടുംബപ്രശ്‌നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക സൂചന. ഭാര്യ: മനീഷ. മക്കൾ: ഭദ്രിനാഥ്, ഭൂമിനാഥ്, കാശിനാഥ്. അച്ഛൻ: കണ്ടമ്പുള്ളി സത്യൻ. അമ്മ: വിമല. സഹോദരൻ: സജേഷ്. സംസ്‌കാരം നടത്തി.