
കൊടുങ്ങല്ലൂർ: മീനച്ചൂടിന്റെ കാഠിന്യം വകവയ്ക്കാതെ ചെമ്പട്ടുടുത്ത് കൊടുങ്ങല്ലൂരമ്മയുടെ പടയാളികളും പള്ളിവാളേന്തി കാൽച്ചിലമ്പ് കുലുക്കിയെത്തിയ കോമരങ്ങളും ക്ഷേത്രാങ്കണത്തിൽ നിറഞ്ഞു. ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷം നടക്കുന്ന പ്രസിദ്ധിയാർജിച്ച ഭരണി മഹോത്സവത്തിന്റെ അശ്വതിനാളിലെ കാവുതീണ്ടലിൽ സംബന്ധിക്കാൻ ഞായറാഴ്ച പുലർച്ചെ മുതലാണ് കോമരക്കൂട്ടങ്ങളുടെ പ്രവാഹം തുടങ്ങിയത്.
ദേവിക്ക് സമർപ്പിക്കാൻ കരുതിവച്ച ധാന്യ ദ്രവ്യാദികളുമായി എത്തുന്ന കോമരങ്ങളെ അനുഗമിച്ച് കുട്ടികളും സ്ത്രീകളും ഉൾപ്പെടെയുള്ള ഭക്തസംഘങ്ങൾ കൊടുങ്ങല്ലൂർക്കാവിനെ ജനസാഗരമാക്കി. കഴിഞ്ഞ തിരുവോണനാളിൽ ഭരണി മഹോത്സവത്തിന്റെ ആചാരാനുഷ്ഠാനങ്ങൾക്ക് തുടക്കം കുറിച്ച് നടന്ന കോഴിക്കല്ല് മൂടൽ മുതൽ ക്ഷേത്ര ദർശനത്തിനായി തീർത്ഥാടകരുടെ വരവ് ആരംഭിച്ചിരുന്നു. ഞായറാഴ്ച തീർത്ഥാടകരുടെ വൻപ്രവാഹമായിരുന്നു. ഇനി രണ്ടുനാൾ ഭക്തരെ കൊണ്ട് നിറയും.
അതിവിപുലം സജ്ജീകരണം
ഭരണി മഹോത്സവത്തോട് അനുബന്ധിച്ച് ഭക്തർക്കായി ദേവസ്വം ബോർഡ് ഒരുക്കിയിരിക്കുന്നത് അതിവിപുല സജ്ജീകരണങ്ങൾ. ദാഹശമനത്തിന് സൗജന്യ കുപ്പിവെള്ളവും സംഭാര വിതരണവുമുണ്ട്. ക്ഷേത്ര ഉപദേശക സമിതിയും സേവാഭാരതിയും സംയുക്തമായി രണ്ട് ലക്ഷം പേർക്ക് അന്നദാനം നടത്തുന്നുണ്ട്. ക്ഷേത്രത്തിന്റെ രണ്ട് കിലോമീറ്റർ അകലെയുള്ള തിരുവഞ്ചിക്കുളം മഹാദേവ ക്ഷേത്രത്തിലും സൗജന്യ ഭക്ഷണവിതരണവും കുടിവെള്ള വിതരണവും ആരംഭിച്ചിട്ടുണ്ട്. സുരക്ഷാ ക്രമീകരങ്ങൾക്ക് കൂടുതൽ പൊലീസുമുണ്ട്.
ഏപ്രിൽ ഒമ്പതിന് നടക്കുന്ന കൊടുങ്ങല്ലൂർ ക്ഷേത്രത്തിലെ അശ്വതിക്കാവ് തീണ്ടലിനോട് അനുബന്ധിച്ച സുരക്ഷാ ക്രമീകരണങ്ങൾ ഉറപ്പ് വരുത്താൻ ജില്ലാ പൊലീസ് മേധാവി നവനീത് ശർമ്മ, ഡിവൈ.എസ്.പിമാരായ സന്തോഷ് കുമാർ, സുരേഷ് എന്നിവരോടൊപ്പം ക്ഷേത്രത്തിലെത്തി കൊച്ചിൻ ദേവസ്വം ബോർഡ് ഡെപ്യൂട്ടി കമ്മിഷണർ സുനിൽ കർത്ത, അസി. കമ്മിഷണർ എം.ആർ. മിനി, ദേവസ്വം മാനേജർ കെ. വിനോദ് എന്നിവരുമായി ചർച്ച നടത്തി. വലിയ തമ്പുരാൻ ചടങ്ങ് നിർവഹിക്കുന്ന നിലപാട് തറയിൽ പ്രത്യേക സുരക്ഷാ ഏർപ്പെടുത്തുന്നതിനും തീരുമാനിച്ചു.
കാപ്
സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ജില്ലാ പൊലീസ് മേധാവി നവനീത് ശർമ്മ കൊടുങ്ങല്ലൂർ ക്ഷേത്രം സന്ദർശിക്കുന്നു.
കൊടുങ്ങല്ലൂർ വലിയ തമ്പുരാൻ കുഞ്ഞുണ്ണി രാജ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിൽ സന്ദർശനത്തിനെത്തുന്നു.