തൃശൂർ: ഇന്ത്യ എന്ന ആശയം ഉറപ്പിച്ചിരിക്കുന്നത് ബഹുസ്വരത എന്ന സങ്കൽപ്പത്തിലാണെന്ന് സച്ചിദാനന്ദൻ. തൃശൂർ ലോക്‌സഭാ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.എസ്.സുനിൽകുമാറിന്റെ വിജയത്തിനായി സംഘടിപ്പിച്ച ബഹുസ്വരതയുടെ ആരവം; കലാസാംസ്‌കാരിക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യൻ ജനാധിപത്യം അപകടത്തിലാണെന്നതും ഭരണഘടന ഓരോ നിമിഷവും ലംഘിക്കപ്പെടുന്നതും നാം നേരിൽ കാണുന്നു. പൗരത്വ ഭേദഗതിയിലൂടെയും തൊഴിലാളികൾക്കും കർഷകർക്കും എതിരായ നിയമങ്ങളിലൂടെയും വനസംരക്ഷണ നിയമത്തിൽ വെള്ളം ചേർത്തും ചില ഭക്ഷണം നിരോധിച്ചും പ്രതിപക്ഷ ചിന്തകളെ ഇല്ലായ്മ ചെയ്തും രാക്ഷസീയമായ ഒരു ശക്തി വളർന്നു കഴിഞ്ഞിരിക്കുന്നു. ഗുജറാത്തിലെ നരഹത്യ ഇന്ത്യയിൽ വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് ഹിന്ദുരാഷ്ട്രം നിർമ്മിക്കുന്നതിന് പിന്നിലുള്ള വർഗ്ഗീയ ശക്തികളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സോമൻ താമരക്കുളം അദ്ധ്യക്ഷത വഹിച്ചു. എം.എൻ.വിനയകുമാർ, കമൽ, പ്രിയനന്ദനൻ, ടി.ഡി.രാമകൃഷ്ണൻ, സി.എസ്.ചന്ദ്രിക, വത്സലൻ വാതുശ്ശേരി, ഷാജി അസീസ്, പാർവതി പവനൻ, പി.ടി.കുഞ്ഞിമുഹമ്മദ്, സി.ആർ.ദാസ്, ഡോ.പ്രഭാകരൻ പഴശി, ടി.എസ്.റഫീക്, ഡാവിഞ്ചി സുരേഷ്, സതീഷ് കുഞ്ഞ്, എൻ.മൂസകുട്ടി, വിശ്വഭദ്രാനന്ദ ശക്തിബോധി, എം.എം.സജീന്ദ്രൻ, ഇ.എം.സതീശൻ, അശോകൻ ചെരുവിൽ, സി.വി.പൗലോസ് തുടങ്ങിയവർ സംസാരിച്ചു.